(www.kl14onlinenews.com)
(27-DEC-2023)
പാളത്തിൽനിന്ന് അമ്മയെയും മക്കളെയും രക്ഷിച്ച സംഭവം; നീലേശ്വരം പൊലീസിനെ അഭിനന്ദിച്ച് വനിത കമീഷൻ
നീലേശ്വരം: മരണമുഖത്തിലെ റെയിൽപാളത്തിൽനിന്ന് അമ്മയെയും രണ്ട് മക്കളെയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച നീലേശ്വരം ജനമൈത്രി പൊലീസ് ഓഫിസർമാരെ സംസ്ഥാന വനിത കമീഷൻ സ്റ്റേഷനിലെത്തി അഭിനന്ദനം അറിയിച്ചു. സംസ്ഥാന വനിത കമീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയാണ് അഭിനന്ദിക്കാൻ നേരിട്ടെത്തിയത്.
കുടുംബ ബന്ധങ്ങളിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാനസികമായി അത് ഉൾക്കൊള്ളാൻ പറ്റാതെ വീടുവിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ഒട്ടനവധി സംഭവങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുന്നു. പലപ്പോഴും മാധ്യമങ്ങളിൽ ഒരു ആത്മഹത്യവാർത്തയായി ഇത് ചുരുങ്ങിപ്പോവുന്നു.
ജാഗ്രതയോടെയുള്ള ഇടപെടൽവഴി ഇങ്ങനെയുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാമെന്ന് നീലേശ്വരം ജനമൈത്രി പൊലീസിന്റെ ഇടപെടലിലൂടെ തെളിയിച്ചുവെന്ന് കമീഷൻ അംഗം പറഞ്ഞു. ഇതിനായി പ്രവർത്തിച്ച എല്ലാ പൊലീസ് ഓഫിസർമാരെയും അഡ്വ. പി. കുഞ്ഞായിഷ അഭിനന്ദനം അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആരായണമെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നും മാനസികമായ പ്രശ്നം നേരിടുന്നവർക്ക് കൗൺസലിങ് ഏർപ്പെടുത്താൻ ആവശ്യമായ സഹായവും നൽകാൻ കമീഷൻ തയാറാണെന്നും അവർ പറഞ്ഞു.
إرسال تعليق