നവകേരള സദസ്സിലെ പരാതി; മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

(www.kl14onlinenews.com)
(07-DEC-2023)

നവകേരള സദസ്സിലെ പരാതി; മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

കോഴിക്കോട്: നവകേരള സദസ്സില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ലഭിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. കോഴിക്കോട് റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയെന്ന് പരാതിക്കാരനായ വടകര സ്വദേശി യൂസഫിന് മറുപടി ലഭിച്ചു.നവ കേരള സദസ്സില്‍ കൊടുത്ത പരാതിയിലാണ് നടപടി. 2015 മുതല്‍ വടകര മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ നടന്നുവന്ന കേസില്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷയും 63 ലക്ഷം രൂപ പിഴയും നല്‍കാന്‍ കോടതി വിധിച്ചിരുന്നു. അഹമ്മദ് ദേവര്‍കോവില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ജയില്‍ ശിക്ഷ ഒഴിവാക്കുകയും 63 ലക്ഷം രൂപ പരാതിക്കാരനായ യൂസഫിന് നല്‍കുകയും ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

എന്നാല്‍ പണം നല്‍കാതെ നാളുകളായി തന്നെ വഞ്ചിക്കുകയാണെന്നും ഇക്കാര്യം ചോദിക്കുമ്പോള്‍ മന്ത്രി തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്നും യൂസഫ് പരാതിയില്‍ പറഞ്ഞിരുന്നു. നവകേരള സദസ്സ് പരിപാടിക്ക് ശേഷം ഡിസംബറില്‍ സ്ഥാനം ഒഴിയാനിരിക്കെയാണ് മന്ത്രിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. മന്ത്രി അഹ്മദ് ദേവര്‍കോവിലിനെതിരെ അന്വേഷണത്തിന് ഉത്തരവ്.

നവംബര്‍ 24നായിരുന്നു നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലെ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പാക്കികിട്ടാന്‍ സഹായിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. മുട്ടുങ്ങല്‍ സ്വദേശി എ കെ യൂസഫ് ആണ് പരാതി നല്‍കിയത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെയും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്തതിനാണ് യൂസഫ് നവകേരള സദസ്സിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.

Post a Comment

Previous Post Next Post