കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടി ഉൾപ്പെടെ എട്ടുപേര്‍ വെന്തുമരിച്ചു

(www.kl14onlinenews.com)
(10-DEC-2023)

കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരു കുട്ടി ഉൾപ്പെടെ എട്ടുപേര്‍ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ ഭോജിപുരയ്ക്ക് സമീപം ബറേലി-നൈനിറ്റാൾ ഹൈവേയിൽ (Bareilly-Nainital highway) കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ എട്ട് പേർ മരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ച വാഹനത്തിന് തീപിടിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കാർ സെൻട്രൽ ലോക്ക് ആയതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാനായില്ലെന്ന് പോലീസ് പറഞ്ഞു. കൂട്ടിയിടിയിൽ ട്രക്കിന്റെ ഡമ്പറിൽ ഇടിച്ചതിനെ തുടർന്ന് ടയർ പൊട്ടുകയും കാർ ഹൈവേയുടെ എതിർവശത്ത് നിന്ന് തെന്നിമാറുകയും ചെയ്തു. ബറെയ്‌ലിയിലെ ബഹേഡി ജില്ലയിലെ ഡബോറ ഗ്രാമത്തിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

ഉത്തരാഖണ്ഡിൽ നിന്ന് മണൽ കയറ്റി വന്ന ട്രക്കുമായാണ് കാർ കൂട്ടിയിടിച്ചത്. സമീപത്ത് താമസിക്കുന്ന നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസും അഗ്നരക്ഷാസേനയും തീയണച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

"ഭോജിപുരയ്ക്ക് സമീപം, ഹൈവേയിൽ ഒരു അപകടം സംഭവിച്ചു ... ഒരു കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചു. തുടർന്ന് തീപിടിച്ചു ...കാർ സെൻട്രൽ ലോക്ക് ആയിരുന്നതിനാൽ തീപിടിത്തത്തിൽ കാറിലുണ്ടായിരുന്നവർക്ക് ജീവൻ നഷ്ടപ്പെട്ടു. മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. 7 മുതിർന്നവരും ഒരു കുട്ടിയുമുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്, തുടർനടപടികൾ പുരോഗമിക്കുകയാണ്," ബറേലി എസ്എസ്പി ഗുലെ സുശീൽ ചന്ദ്രഭൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Post a Comment

Previous Post Next Post