ഭാരത് ജോഡോ 2.0: മണിപ്പുർ മുതൽ മുംബൈ വരെ; ‘ഭാരത് ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(27-DEC-2023)

ഭാരത് ജോഡോ 2.0: മണിപ്പുർ മുതൽ മുംബൈ വരെ; ‘ഭാരത് ന്യായ് യാത്ര’യുമായി രാഹുൽ ഗാന്ധി
രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് (Bharat Jodo Yatra) ജനുവരി 14ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി (Congress MP Rahul Gandhi) തുടക്കം കുറിക്കും. ഭാരത് ജോഡോ യാത്രയെ 'ഭാരത് ന്യായ് യാത്ര' (Bharat Nyay Yatra) എന്ന് പുനർനാമകരണം ചെയ്തു. വടക്കുകിഴക്കൻ മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മഹാരാഷ്ട്രയിലെ മുംബൈയിലാണ് ഇത്തവണ യാത്ര സമാപിക്കുക (Manipur to Mumbai). രാജ്യത്തിന്റെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയുള്ള ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ഭാരത് ന്യായ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ന്യായ് യാത്ര കടന്നുപോകും. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 6,200 കിലോമീറ്ററിലാണ് യാത്ര നടത്തുന്നത്.

ജനുവരി 14ന് മണിപ്പൂരിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. ജനങ്ങൾക്ക് പരമാവധി പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഭാരത് ന്യായ് യാത്രയുടെ യാത്രാ മാർഗം ബസുകളായിരിക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ബുധനാഴ്ച വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ദക്ഷിണേന്ത്യയിലെ കന്യാകുമാരിയിൽ ആരംഭിച്ച് വടക്ക് കാശ്മീരിൽ അവസാനിച്ച കഴിഞ്ഞ ഭാരത് ജോഡോ യാത്രയെ അദ്ദേഹം "ചരിത്ര യാത്ര" എന്നാണ് വിശേഷിപ്പിച്ചത്.

"ഇപ്പോൾ, ആദ്യ ഭാരത് ജോഡോ യാത്രയിൽ നിന്ന് മികച്ച അനുഭവം ഉള്ള ഒരു യാത്രയാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഈ യാത്ര യുവാക്കൾ, സ്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ട ആളുകളുമായി സംവദിക്കാൻ ലക്ഷ്യമിട്ടാണ് നടത്തുന്നത്," വേണുഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഭാരത് ന്യായ് യാത്രയുടെ പ്രഖ്യാപനം. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം രാജ്യത്തിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നടത്തണമെന്ന് രാഹുൽ ഗാന്ധിയോട് കോൺഗ്രസ് നേതാക്കൾ അഭ്യർത്ഥിച്ചിരുന്നു.

2022 സെപ്റ്റംബർ 7ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം ഏകദേശം 4,080 കിലോമീറ്റർ ദൂരം പിന്നിട്ട് 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സമാപിച്ചത്. 126 ദിവസങ്ങൾ കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. ഇത് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്രയായി മാറി. രാഹുൽ ഗാന്ധി ചുക്കാൻ പിടിച്ച യാത്രയിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു കോൺഗ്രസ് ലക്ഷ്യമിട്ടത്. തൊഴിലില്ലായ്മ, അസമത്വം, മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനും യാത്രയിലൂടെ ലക്ഷ്യമിട്ടു.

യാത്രയുടെ രണ്ടാം ഘട്ടം ഹൈബ്രിഡ് മോഡിൽ ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പങ്കെടുക്കുന്നവർ കാൽനടയായും വാഹനങ്ങൾ ഉപയോഗിച്ചും റാലിയിൽ പങ്കെടുക്കും. രണ്ട് റൂട്ടുകളാണ് യാത്രയ്ക്കായി കോൺഗ്രസ് പരിഗണിക്കുന്നത്. ഇതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കായിരിക്കും യാത്ര കൂടുതൽ പ്രാധാന്യം നൽകുകയെന്നും ഒരു മുതിർന്ന നേതാവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലയളവായതിനാൽ കോൺഗ്രസ് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെയും യാത്രയുടെ ഭാഗമാക്കാൻ ആരോചിക്കുന്നതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

Post a Comment

Previous Post Next Post