സംസ്ഥാനത്ത് 111 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; ഇന്നലെ ഒരു മരണം

(www.kl14onlinenews.com)
(18-DEC-2023)

സംസ്ഥാനത്ത് 111 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു; ഇന്നലെ ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. കേരളത്തിൽ ഇന്നലെ 111 കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. രാജ്യത്തെ ആകെ ആക്ടീവ് കേസുകൾ 1,828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1,634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കര്‍ണാടകയിൽ നിലവിൽ 60 ആക്ടീവ് കേസുകളാണുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ ഇന്നലെ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനം കോവിഡ് ജാഗ്രതയിൽ; ഇന്ന് ഉന്നതതല യോഗം ചേരും; പരിശോധനകൾ കൂട്ടിയേക്കും
സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദമായ ജെഎൻ.1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കേരളത്തിൽ കോവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം. എന്നാൽ അതിവേഗം പടരുന്ന ജെ എൻ 1 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കടുപ്പിക്കണം എന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ എക്സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേ​ഗത്തിൽ പടരുന്നതും, പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് രോ​ഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും.

ജെഎൻ 1ന്റെ രോ​ഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.

Post a Comment

Previous Post Next Post