നവകേരള സദസ്സ്; പരാതികൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ 64 ജീവനക്കാർ

(www.kl14onlinenews.com)
(22-NOV-2023)

നവകേരള സദസ്സ്; പരാതികൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ 64 ജീവനക്കാർ
കാസർകോട് : നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പ്രത്യേകം തയാറാക്കിയ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ കൂടുതൽ ക്രമീകരണങ്ങൾ. 64 ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുക. ആദ്യം 12 ജീവനക്കാരെയാണ് തീരുമാനിച്ചത്. പിന്നീട് 25 ആയി ഉയർത്തി. അതാണിപ്പോൾ 64 ലെത്തിയത്. മണ്ഡലം അടിസ്ഥാനത്തിലാണ് പരാതികൾ സ്കാൻ ചെയ്യുന്നത്. സ്കാൻ ചെയ്യുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കൈമാറുന്നത് ഉയർന്ന ഉദ്യോഗസ്ഥരാണ്.

കലക്ടറുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് ആയിരത്തിലേറെ പരാതികൾ ലഭിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ലഭിച്ചു. 32 ലോഗിനുകളിലായാണ് 64 ഉദ്യോഗസ്ഥരെ നിയോഗിച്ചത്. അപേക്ഷകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് വകുപ്പുകൾക്ക് നൽകുക എന്നതാണ് ഇവർ ചെയ്തുവരുന്നത്. ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ പിആർ ചേംബറിൽ അപ്‌ലോഡ് ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കലക്ടറേറ്റിലെ വിവിധ സെക്‌ഷനുകളിലും സ്‌കാനിങ്ങും മറ്റ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

13 സ്‌കാനറുകളാണ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കൂടുതൽ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കും. പരമാവധി മൂന്ന് ദിവസത്തിനകം അപ്‌ലോഡിങ് പൂർത്തിയാക്കാനുള്ള നടപടികൾ നടന്നു വരികയാണ്. കലക്ടർ കെ. ഇമ്പശേഖർ, എഡിഎം കെ.നവീൻബാബു എന്നിവർ അപ് ലോഡിങ് നടക്കുന്ന പി.ആർ ചേംമ്പർ സന്ദർശിച്ചു. ഒരു അപേക്ഷ പോലും നഷ്ടപ്പെടാതെ കൃത്യമായി വേഗത്തിൽ സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് കലക്ടർ നിർദേശം നൽകി.

അപേക്ഷകൾ അപ്‌ലോഡ് ചെയ്യുമ്പോൾതന്നെ അപേക്ഷകന് മൊബൈലിൽ സന്ദേശം ലഭിക്കും. സ്‌കാൻ ചെയ്യുന്ന അപേക്ഷകൾ വിവിധ വകുപ്പുകൾക്ക് ലഭിക്കും. തുടർനടപടികൾ വകുപ്പുകൾ സ്വീകരിച്ച് നടപടികൾ അപ്‌ഡേറ്റ് ചെയ്യും. അപേക്ഷകന് ലഭിച്ച ടോക്കൺ നമ്പർ ഉപയോഗിച്ച് www.navakeralasadass.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അപേക്ഷയുടെ സ്ഥിതി വിവരങ്ങൾ അറിയാൻ സാധിക്കും.

ഇതുവരെ വിവിധ വകുപ്പുകൾക്ക് ലഭിച്ച പരാതികൾ

∙ എഡിഎം : 196

∙ ലൈഫ് മിഷൻ : 150

∙തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ : 104

∙പൊതുമരാമത്ത് വകുപ്പ് : 40

∙ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ : 38

∙ കെഎസ്ഇബി : 22

∙ ജില്ലാ മെഡിക്കൽ ഓഫിസർ : 16

∙ ജില്ലാ പൊലീസ് മേധാവി : 6

Post a Comment

Previous Post Next Post