ലോകകപ്പ് ഫൈനൽ:അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റുകളിൽ 6 മടങ്ങ് വർദ്ധനവ്, നിരക്കുകൾ കുത്തനെ കൂട്ടി വിമാനക്കമ്പനികൾ

(www.kl14onlinenews.com)
(18-NOV-2023)

ലോകകപ്പ് ഫൈനൽ:
അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റുകളിൽ 6 മടങ്ങ് വർദ്ധനവ്, നിരക്കുകൾ കുത്തനെ കൂട്ടി വിമാനക്കമ്പനികൾ
അഹമ്മദാബാദ്:
ലോകകപ്പ് ഫൈനൽ മത്സരങ്ങളോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് വിമാനക്കമ്പനികൾ. ഫൈനൽ മത്സരം കാണാൻ വിമാനത്തിലാണ് യാത്രയെങ്കിൽ, പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഫൈനൽ മത്സരം നടക്കുന്ന അഹമ്മദാബാദിലേക്കുള്ള നിരക്കുകളാണ് വിമാനക്കമ്പനികൾ കുത്തനെ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഫൈനൽ മത്സരത്തിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം കൊയ്യുന്നത് വിമാനക്കമ്പനികളാണെന്ന് പറയാം.

ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ടിക്കറ്റ് നിരക്ക് 39,000 രൂപയും, മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് 32,000 രൂപയുമാണ് നിരക്ക്. അതേസമയം, ബെംഗളൂരുവിൽ നിന്നാണ് ഫൈനൽ കാണാൻ പോകുന്നതെങ്കിൽ 26,999 രൂപയ്ക്കും 33,000 രൂപയ്ക്കും ഇടയിലാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, കൊൽക്കത്തയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകാൻ ഏറ്റവും ചുരുങ്ങിയത് 40,000 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും.

ടിക്കറ്റുകൾക്ക് ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിൽ ഇൻഡിഗോ, വിസ്താര തുടങ്ങിയ എയർലൈനുകൾ അധിക സർവീസുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ, 2 ദിവസത്തേക്ക് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ഓരോ വിമാനങ്ങൾ വീതം വിന്യസിച്ചിട്ടുണ്ട്. അതേസമയം, അഹമ്മദാബാദിൽ വേണ്ടത്ര താമസസൗകര്യം ഇല്ലാത്തതിനാൽ, ഫൈനൽ മത്സരം കഴിയുന്ന ഞായറാഴ്ച തന്നെ അഹമ്മദാബാദിൽ നിന്ന് തിരിച്ചും സർവീസുകൾ നടത്താനാണ് വിമാനക്കമ്പനികളുടെ തീരുമാനം.

അഹമ്മദാബാദ് ഹോട്ടലുകളിൽ ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ

അഹമ്മദാബാദിൽ എല്ലാത്തിനും വിലകൂടുതലാണ്. സാധാരണ വിലയുടെ ആറിരട്ടിയാണ് വിമാന ടിക്കറ്റുകൾക്ക് വില. ഫൈനലിന് മുന്നോടിയായി ഇവിടങ്ങളിലെ ഹോട്ടലുകളിൽ ഒരു രാത്രി താമസിക്കാൻ ഒരു ലക്ഷം രൂപ വരെയാണ് വില.

നവംബർ 18, നവംബർ 19 തീയതികളിൽ പല ഹോട്ടലുകളും ഒരു മുറിക്ക് ഒരു രാത്രിക്ക് ₹1 ലക്ഷം രൂപ വരെ ഈടാക്കുന്നു. ഐ.ടി.സി ഹോട്ടൽ നികുതികൾ ഒഴികെ ഏകദേശം ₹96,300 രൂപയാണ് വില. കോർട്ട്‌യാർഡ് ബൈ മാരിയറ്റ് നികുതി കൂടാതെ ₹64,000 രൂപയാണ് ഈടാക്കുന്നത്. ബ്ലൂംസ്യൂട്ടുകൾ ₹43,000 രൂപയും. അതേസമയം, ഈ തീയതികളിൽ നിരവധി ഹോട്ടലുകൾ ഇതിനകം ഫുൾ ബുക്കിംഗ് ആയി കഴിഞ്ഞു.


ഞായറാഴ്ചയാണ്( നാളെ) ഫൈനൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്. ഓസ്‌ട്രേലിയയെ ആണ് ഇന്ത്യ ഫൈനലിൽ നേരിടുക. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ തോൽപ്പിച്ചു, രണ്ടാം നോക്കൗട്ടില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും. ഇതോടെയാണ് ഓസ്‌ട്രേലിയ vs ഇന്ത്യ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്.

Post a Comment

Previous Post Next Post