നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായു ഗുണനിലവാര തോത് 500-ന് മുകളില്‍

(www.kl14onlinenews.com)
(13-NOV-2023)

നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലി ആഘോഷം; ഡല്‍ഹിയില്‍ വായു ഗുണനിലവാര തോത് 500-ന് മുകളില്‍
ഡല്‍ഹി: ദീപാവലി ആഘോഷത്തിന് ശേഷം ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി. ദീപാവലി ആഘോഷത്തിന് പിന്നാലെയാണ് പലയിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടത്. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം.

ഡല്‍ഹിയില്‍ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കെ ആശ്വാസം പകര്‍ന്ന് മികച്ച വായുനിലവാരം ഞായറാഴ്ച രേഖപ്പെടുത്തിയിരുന്നു. എയര്‍ ക്വാളിറ്റി മോണിറ്ററിങ് ഏജന്‍സിയുടെ കണക്കുപ്രകാരം കഴിഞ്ഞ ദിവസത്തെ ശരാശരി വായു നിലവാര സൂചിക 218 ആയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ദീപാവലി ദിനത്തിലുള്ള ഏറ്റവും മികച്ച വായുനിലവാരമായിരുന്നു ഇത്. ഇതിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയില്‍ വായുനിലവാരം വീണ്ടും മോശമായത്.

ഇടയ്ക്കിടെ പെയ്യുന്ന മഴയും, മലിനീകരണ വിതരണത്തിന് അനുകൂലമായ കാറ്റിന്റെ വേഗവുമായിരുന്നു കഴിഞ്ഞ ദിവസം വായുനിലവാരം മെച്ചപ്പെടാന്‍ കാരണം. എന്നാല്‍, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി ആളുകള്‍ വലിയ തോതില്‍ പടക്കം പൊട്ടിച്ചതോടെ ഉയര്‍ന്ന പുകയാണ് സ്ഥിതി വീണ്ടും വഷളാക്കിയത്.

Post a Comment

Previous Post Next Post