വിധിയ്ക്ക് ശേഷം, പേന കുത്തിയൊടിക്കാതെ മാറ്റിവച്ച് ജഡ്ജി: കാരണം ഇതോ...

(www.kl14onlinenews.com)
(14-NOV-2023)

വിധിയ്ക്ക് ശേഷം, പേന കുത്തിയൊടിക്കാതെ മാറ്റിവച്ച് ജഡ്ജി: കാരണം ഇതോ...
നീതി പീഠം അനുശാസിക്കുന്ന ശിക്ഷകളിൽ ഏറ്റവും വലുതാണ് വധ ശിക്ഷ. ക്രൂരന്മാരായ ആളുകൾക്ക് മാത്രമാണ് നീതിന്യായ വ്യവസ്ഥകൾ വധ ശിക്ഷ വിധിക്കാറുള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ അത്യപൂർവ്വമായെ വധശിക്ഷ വിധിക്കാറുള്ളൂ. കേരളത്തിലും അങ്ങനെ തന്നെ ഇത്തരത്തിൽ വധശിക്ഷയ്‌ക്ക് വിധിയെഴുതിയ ശേഷം ജഡ്ജിമാർ അവരുടെ പേനയുടെ നിബ്ബ് പൊട്ടിച്ച് വലിച്ചെറിയാറുണ്ട്. എന്നാൽ ആലുവ കൊലപാതകകേസിൽ വിധി പ്രസ്താവത്തിന് ശേഷം എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമൻ പേന കുത്തിയോടിക്കാതെ മാറ്റിവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി അഭിപ്രായങ്ങളാണ് നിലവിൽ ഉള്ളത്.

എന്നാൽ ഇതിന് നമ്മുടെ നിയമ വ്യവസ്ഥയുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് യാഥാർഥ്യം. തീർത്തും ധാർമ്മികമായ ബോധത്തിൽ നിന്നുകൊണ്ടാണ് കാലാകാലങ്ങളായി ഈ രീതി പിന്തുടരുന്നത്.

ഒരു ജഡ്ജി ഒരിക്കൽ വിധി പ്രസ്താവിച്ച് കഴിഞ്ഞാൽ ആ വിധി മാറ്റാൻ അദ്ദേഹത്തിന് പിന്നെ അധികാരമില്ലെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ ഒരു പുനരാലോചന നടത്താതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പേനയുടെ നിബ്ബ് പൊട്ടിക്കുന്നതെന്നാണ് ഒരുവാദം.

1. ഒരാളുടെ ജീവനെടുക്കുക എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഹീനമായ ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വധശിക്ഷ പുറപ്പെടുവിക്കുന്നതും തെറ്റായി കാണുന്നു. ഈ കാരണത്താലാണ് നിബ്ബ് പൊട്ടിക്കുന്നത് എന്നും പറയുന്നുണ്ട്.

2. ഒരു വ്യക്തിയുടെ ജീവൻ എടുക്കാൻ ഉള്ള തീരുമാനത്തിന് ഉപയോഗിച്ച പേന മറ്റ് ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കരുതെന്ന വിശ്വാസവും ഇതിന്റെ പിന്നിലുണ്ട്.

3. മറ്റൊരു സിദ്ധാന്തം ന്യായാധിപൻ കുറ്റബോധം കൊണ്ടാണ് പേന ഓടിക്കുന്നത് എന്ന് പറയപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവൻ എടുക്കാൻ ഉള്ള അധികാരം മറ്റൊരു മനുഷ്യന് ഇല്ലെന്നിരിക്കെ നിയമങ്ങൾ അനുസരിച്ച് തന്റെ ഔദ്യോഗിക കടമ മാത്രമാണ് താൻ നിർവഹിക്കുന്നത് എന്ന് സൂചിപ്പിക്കാൻ ആകാം ഈ പ്രവർത്തി.

4. വേറൊരു സിദ്ധാന്തം, പേന നശിപ്പിക്കപ്പെടുന്നതുവഴി അദ്ദേഹത്തിനടക്കം കോടതിയിലെ മറ്റൊരാൾക്കും തന്റെ വിധിയെ ചോദ്യം ചെയ്യാൻ കഴിയില്ല എന്നുള്ള പ്രഖ്യാപനം ആകാം എന്നാണ്.

5. അത് പോലെ വധ ശിക്ഷ നൽകുന്നത് വളരെ വേദനാജനകവും വിഷമകരവുമായ പ്രവർത്തിയാണ് എന്നതിനാൽ, ഒരു ന്യായാധിപന് അത്തരം വേദനാജനകവും വിഷമകരവുമായ പ്രവർത്തി ചെയ്യേണ്ടിവരുന്നതിലെ വികാരം പ്രകടിപ്പിക്കുവാൻ കൂടിയാണ് പേന നശിപ്പിക്കുന്നതെന്നാണ് വിശ്വാസം.

അതേസമയം ആലുവയില്‍(Aluva) അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ(rape murder) അസ്ഫാക് ആലം ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് എറണാകുളം പോക്‌സോ കോടതി. പ്രതിയുടെ പ്രായവും പരിഗണിക്കാനാവില്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത്. ആലുവയില്‍ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് വധശിക്ഷയ്‌ക്കൊപ്പം മൂന്ന് പോക്‌സോ വകുപ്പുകളില്‍ അടക്കം അഞ്ച് ജീവപര്യന്തവും വിധിച്ചിരുന്നു. എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. കഴിഞ്ഞ ജൂലൈ 28ന് ആയിരുന്നു അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നത്.

സമാനകേസുകള്‍ക്ക് വിധി മാതൃകയാണെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം. പൊതുസമൂഹത്തിന്റെ മനസിനൊപ്പം കോടതി നിന്നെന്നും മന്ത്രി വ്യക്തമാക്കി. ആലുവയിലേത് അസാധാരണ കുറ്റകൃത്യമാണെന്നാണ് എഡിജിപി പ്രതികരിച്ചത്. കേസന്വേഷണത്തില്‍ നാട്ടുകാരും മാധ്യമങ്ങളും സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങളുടെ കുട്ടി ജീവിച്ചിരിപ്പില്ല. അതുകൊണ്ടു തന്നെ അയാളും ജീവിച്ചിരിക്കരുത്. അയാള്‍ മനുഷ്യനല്ല, മനുഷ്യരൂപം പൂണ്ട രാക്ഷസനാണ്. ഇനിയൊരു കുഞ്ഞിനും ഇതുപോലൊരു ഗതികേട് ഉണ്ടാകരുതെന്നും ഇവര്‍ പറഞ്ഞിരുന്നു. പ്രതിക്ക് മരണശിക്ഷ നല്‍കണം. അതില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. പുറത്തുവന്നാല്‍ അയാള്‍ ഇതുതന്നെ ആവര്‍ത്തിക്കുമെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേർത്തു.

ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് മുപ്പത്തി അഞ്ചാം ദിവസമാണ് പ്രതിക്കെതിരെ കുറ്റംപത്രം നല്‍കിയത്. ഏകദേശം 800 പേജോളം വരുന്ന കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരുന്നത്. വെറും 26 ദിവസം കൊണ്ടാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി. സംഭവം നടന്ന് നൂറാം ദിനം പ്രതി കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. 110-ാം ദിനം ശിക്ഷയും വിധിച്ചു. 

പ്രതിയുടെ ഉദ്ദേശ്യം ബലാത്സംഗമായിരുന്നു എന്നും അതിനുശേഷം തെളിവ് നശിപ്പിക്കാനായിരുന്നു കുഞ്ഞിനെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയെക്കുറിച്ചുള്ള അന്വേഷണമാണ് ക്രൂരകൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്. 

അഞ്ചുവയസുകാരിയെ പീഡനത്തിന് ശേഷം കഴുത്തു  മുറുക്കി  കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുണ്ട്. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്. എന്നാൽ പീഡനം പൊലീസ് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത്  പീഡനത്തിനിടെയാണെന്നാണ് സ്ഥിരീകരിച്ചത്.

അന്വഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പതിനെട്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ മാര്‍ക്കറ്റിന് സമീപത്തെ മാലിന്യക്കൂനയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെ ക്രൂര കൊലപാതകം പ്രതി പൊലീസിനോട് വിവരിക്കുകയും ചെയ്തിരുന്നു. അന്ന് പ്രതിയെ തെളിവെടുപ്പിനായി കൊലപാതകം നടന്ന സ്ഥഭലത്ത് എത്തിച്ചപ്പോള്‍ പ്രദേശത്ത് ജനങ്ങള്‍ സംഘടിച്ച് അക്രമാസക്തരായതും വാര്‍ത്തയായിരുന്നു.

Post a Comment

Previous Post Next Post