മുകേഷ് അംബാനിക്ക് വധഭീഷണി വന്നത് പാക് താരം ഷദാബ് ഖാന്‍റെ പേരുള്ള ഇ-മെയിലില്‍ നിന്ന്, ഒടുവിൽ വൻ ട്വിസ്റ്റ്

(www.kl14onlinenews.com)
(07-NOV-2023)

മുകേഷ് അംബാനിക്ക് വധഭീഷണി വന്നത് പാക് താരം ഷദാബ് ഖാന്‍റെ പേരുള്ള ഇ-മെയിലില്‍ നിന്ന്, ഒടുവിൽ വൻ ട്വിസ്റ്റ്
മുബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്ക് വധഭീഷണി വന്നത് പാക് ക്രിക്കറ്റ് താരം ഷദാബ് ഖാന്‍റെ പേരുള്ള ഇ-മെയില്‍ വിലാസത്തില്‍ നിന്നെന്ന് വെളിപ്പെടുത്തി മുംബൈ ക്രൈം ബ്രാഞ്ച്. വന്‍തുക നല്‍കിയില്ലെങ്കില്‍ വധിക്കുമെന്ന് വ്യക്തമാക്കി ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇ മെയിലുകളാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. ഇതിനെക്കുറിച്ച് മുംബൈ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ രാജ്‌വീര്‍ കാന്തെന്ന ബി കോം വിദ്യാര്‍ഥിയാണ് വന്‍തുക ആവശ്യപ്പെട്ട് വധഭീഷണി മെയിലുകള്‍ അയച്ചതെന്ന് പൊലീസ് കണ്ടെത്തി.

shadabhkhan@mailfence എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്നായിരുന്നു മുകേഷ് അംബാനിക്ക് വധഭീഷണികള്‍ വന്നത്. മുംബൈയില്‍ പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക ലോകകപ്പ് മത്സരം നടക്കുന്നതിനിടെയാണ് രാജ്‌വീര്‍ കാന്ത് ഈ ഇ-മെയില്‍ വിലാസം ഉണ്ടാക്കിയതെന്ന് മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ശനിയാഴ്ചയാണ് രാജ്‌വീര്‍ കാന്തിനെ മുംബൈയിലെ കാലോളില്‍ നിന്ന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 27നാണ് രാജ്‌വീര്‍ കാന്ത് 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ആദ്യ മെയില്‍ അയച്ചത്. പിന്നീട് 200 കോടി നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നും അതിനുശേഷം 400 കോടി ആവശ്യപ്പെട്ടും ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇ മെയിലുകള്‍ അയച്ചു.

അതേസമയം, 500 കോടി രൂപ നല്‍കിയില്ലെങ്കില്‍ അംബാനിയെ വധിക്കുമെന്ന ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ വാറങ്കലില്‍ നിന്ന് ഗണേഷ് രമേഷ് വനപ്രഥിയെന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ഇയാള്‍ ജി മെയില്‍ വിലാസത്തില്‍ നിന്നാണ് വധഭീഷണി മെയില്‍ അയച്ചത്. ഇയാളെയും മുംബൈ ക്രൈം ബ്രാഞ്ചിന് കൈമാറി.

400 കോടി നല്‍കിയില്ലെങ്കില്‍ അംബാനിയെ വധിക്കുമെന്ന ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്ത ടെലിവിഷനില്‍ കണ്ടതിനുശേഷമാണ് ഇയാള്‍ 500 കോടി ആവശ്യപ്പെട്ട് ഇ മെയില്‍ അയച്ചത്. ഇരുവരെയും കോടതി നാളെ വരെ മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Post a Comment

Previous Post Next Post