(www.kl14onlinenews.com)
(15-NOV-2023)
റാഞ്ചിയില്‍ റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വന്‍ വീഴ്ച. മോദിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ഒരു സ്ത്രീ പെട്ടെന്ന് ചാടിക്കയറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ യുവതിയെ പിടികൂടുകയും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴിയൊരുക്കുകയും ചെയ്തു. മോദി ബിര്‍സ മുണ്ട ജയന്തി പരിപാടിയില്‍ പങ്കെടുത്ത് പുറത്തുപോകുന്നതിനിടെയാണ് സംഭവം.
സുരക്ഷാവീഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം അല്‍പനേരം നിര്‍ത്തിയിടേണ്ടി വന്നു. എന്നാല്‍, പിന്നീട് യാത്ര തുടര്‍ന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പിടിയിലായ സ്ത്രീക്ക് പ്രധാനമന്ത്രിയെ കാണാന്‍ ഏറെ നാളായി ആഗ്രഹമുണ്ടായിരുന്നുവെന്നും അതിനാണ് ശ്രമം നടത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
റാഞ്ചി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ അദ്ദേഹത്തെ കാണാനായി ഒരു സ്ത്രീ വന്നതായി റാഞ്ചി എസ്എസ്പി ചന്ദന്‍ സിന്‍ഹ സ്ഥിരീകരിച്ചു. 'അവര്‍ 10 ദിവസമായി ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം റാഞ്ചിയിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ കാണാന്‍ ശ്രമിച്ചു,' എസ്എസ്പി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ജാര്‍ഖണ്ഡിലെത്തിയത്. കഴിഞ്ഞ ദിവസം, റാഞ്ചിയിലെ ഗോത്രവര്‍ഗ നേതാവ് ബിര്‍സ മുണ്ടയുടെ ജന്മദിനത്തില്‍ മോദി പുഷ്പാര്‍ച്ചന നടത്തിയിരുന്നു. 1900 ജൂണ്‍ 9-ന് അദ്ദേഹം അന്ത്യശ്വാസമെടുത്ത പഴയ സെന്‍ട്രല്‍ ജയിലിലാണ് ബിര്‍സ മുണ്ട മെമ്മോറിയല്‍ പാര്‍ക്ക്-കം-ഫ്രീഡം ഫൈറ്റര്‍ മ്യൂസിയം. ഇവിടെ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ 25 അടി ഉയരമുള്ള പ്രതിമയിലാണ് മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചത്.
തന്റെ സന്ദര്‍ശന വേളയില്‍ പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ (പിവിടിജി) വികസനം ലക്ഷ്യമിട്ടുള്ള 24,000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി മോദി ആരംഭിച്ചു. കൂടാതെ 'വിക്ഷിത് ഭാരത് സങ്കല്‍പ് യാത്ര' എന്ന പദ്ധതിക്കും അദ്ദേഹം തുടക്കമിടും. പ്രധാനമന്ത്രി-കിസാന്‍ പദ്ധതിക്ക് കീഴിലുള്ള 18,000 കോടിയുടെ 15-ാം ഗഡുവും പുറത്തിറക്കും
إرسال تعليق