ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം; അഫ്ഗാനിസ്ഥാൻ ലോകകപ്പിൽനിന്നു പുറത്ത്

(www.kl14onlinenews.com)
(10-NOV-2023)

ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം; അഫ്ഗാനിസ്ഥാൻ ലോകകപ്പിൽനിന്നു പുറത്ത്
അഹമ്മദാബാദ്: ഇന്ത്യ അതിഥേയത്വം
വഹിക്കുന്ന ലോകകപ്പിൽ നിന്നും അഫ്ഗാനിസ്ഥാൻ ടീമിന് തല ഉയർത്തി മടങ്ങാം. കരുത്തരായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ശേഷം അഫ്ഗാൻ കീഴടങ്ങി. ഇതോടെ നാല് വമ്പൻ ജയങ്ങളുടെ പെരുമയോടെ ആരാധകരുടെ പ്രിയ ടീമായി മാറിയ അഫ്ഗാൻ നാട്ടിലേക്ക് മടങ്ങും. അഹമ്മദാബാദിൽ ഇന്ന് നടന്ന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ അഞ്ച് വിക്കറ്റിന്‍റെ പരാജയമാണ് അഫ്ഗാനിസ്ഥാൻ ഏറ്റുവാങ്ങിയത്. 245 റൺസ് നേടിയ അഫ്ഗാൻ ഒരു ഘട്ടത്തിൽ ജയിച്ചേക്കുമെന്ന പ്രതീതി ഉണർത്തിയിരുന്നു. 182 ന് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളും അഫ്ഗാൻ എറിഞ്ഞിട്ടെങ്കിലും വാൻഡർ ദസ്സൻ ഉറച്ചുനിന്നത് തിരിച്ചടിയായി. 76 റൺസുമായി പുറത്താകാതെ നിന്ന വാൻഡർ ദസ്സനാണ് ആഫ്രിക്കൻ കരുത്തുകൾക്ക് തുണയായത്.

245 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഡിക്കോക്ക് 41 റൺസും ബാവുമ 23 റൺസും നേടി മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര ഒരുഘട്ടത്തിൽ പതറി. എയ്ഡൻ മാർക്രം 25 റൺസും ക്ലാസൻ 10 റൺസും മില്ലർ 24 റൺസും നേടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക 182 ന് 5 എന്ന നിലയിൽ പതറുകയായിരുന്നു. എന്നാൽ വാൻഡർ ദസനൊപ്പം ഫുലുക്വായോ 39 റൺസുമായി ഉറച്ചുനിന്നതോടെ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു.

ഇതോടെ 9 മത്സരങ്ങളിൽ നിന്നും 7 ജയവുമായി 14 പോയിന്‍റോടെ ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് പിന്നിലായി രണ്ടാം സ്ഥാനത്തോടെ സെമിയിലേക്ക് പറന്നു. അഫ്ഗാന്‍റെ സെമി പ്രതീക്ഷകൾ കൂടി അവസാനിച്ചതോടെ ഇനി പാകിസ്ഥാന് മാത്രമാണ് സെമി പ്രതീക്ഷയുള്ളത്. എന്നാൽ അവസാന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഹിമാലയൻ കടമ്പ കടന്നാൽ മാത്രമേ ന്യൂസിലൻഡിനെ പിന്നിലാക്കി പാകിസ്ഥാന് സെമിയിലെത്താനാകു.

അതേസമയം നേരത്തെ അസ്മത്തുള്ളയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാൻ മികച്ച സ്കോർ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്സഗാൻ അസ്മത്തുള്ള ഒമ്രാസിയുടെ ബാറ്റിംഗ് കരുത്തിൽ നിശ്ചിത ഓവറിൽ 244 റൺസാണ് നേടിയത്. 107 പന്തിൽ 97 റൺസ് നേടിയ അസ്മത്തുള്ള മാത്രമാണ് പൊരുതിയത്. ഓപ്പൺമാരായ റഹ്മാനുള്ള 25 റൺസിനും ഇബ്രാഹിം 15 റൺസിനും മടങ്ങി. പിന്നാലെയെത്തിയ റഹ്മത്ത് ഷാ 26 റൺസും ഹസ്മത്തുള്ള 2 റൺസും ഇക്രാം 12 റൺസിനും മുഹമ്മദ് നബി 2 റൺസിനും മടങ്ങിയതോടെ അഫ്ഗാൻ പ്രതിസന്ധിയിലായി. റാഷിദ് ഖാൻ 14 റൺസും, നൂർ അഹമ്മദ് 26 റൺസും മുജീബ് റഹ്മാൻ 8 റൺസും നവീൻ ഉൾ ഹഖ് 2 റൺസും നേടി പുറത്തായതോടെ അമ്പതാം ഓവറിലെ അവസാനപന്തിൽ ടീം ഓൾ ഔട്ട് ആകുകയായിരുന്നു. 4 വിക്കറ്റ് നേടിയ കോട്ട്സെയും 2 വിക്കറ്റ് വീതം നേടി കേശവ് മഹാരാജും ലുങ്കി എൻഗിഡിയുമാണ് അഫ്ഗാനെ പിടിച്ചുകെട്ടിയത്.

Post a Comment

Previous Post Next Post