(www.kl14onlinenews.com)
(17-NOV-2023)
ലോകകപ്പ് ഫൈനൽ:
അഹമ്മദാബാദ് :
10 മത്സരങ്ങളില്‍ തോല്‍വി അറിയാതെ ഇന്ത്യ. എട്ട് തുടര്‍ ജയങ്ങളുമായി ഓസ്ട്രേലിയ. ഇതില്‍ ആരുടെ വിജയ തേരോട്ടത്തിനാവും അഹമ്മദാബാദില്‍ വിരാമമാവുക? ലീഗ് ഘട്ടത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചു. എന്നാല്‍ നോക്കൗട്ടുകളില്‍ കരുത്ത് കാണിക്കുന്ന പതിവാണ് ഓസ്ട്രേലിയയുടേത്. ഈ സമയം നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ച് എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
അഹമ്മദാബാദില്‍ സ്പിന്‍ സൗഹൃദ പിച്ച് ഒരുക്കിയാല്‍ അത് ഇന്ത്യയെ ആവും കൂടുതല്‍ തുണയ്ക്കുക. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് എങ്കില്‍ അശ്വിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരുമോ എന്ന ചോദ്യവും ഉയരുന്നു. കൊല്‍ക്കത്തയില്‍ സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍പിലാണ് ഓസ്ട്രേലിയ സെമിയില്‍ പതറിയത്. സ്പിന്നിനെതിരെ മികവ് കാണിക്കുന്ന സ്മിത്തിനും ലാബുഷെയ്നിനും പോലും ഇവിടെ പിടിച്ചുനില്‍ക്കാനായില്ല.
സ്പിന്‍ സൗഹൃദ പിച്ചാണ് ഒരുക്കുന്നതെങ്കില്‍ ചെന്നൈയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലേത് പോലെ ചെറിയ സ്കോര്‍ മത്സരത്തിലേക്ക് കളി എത്തിയേക്കും. ഇത്തവണ ലോകകപ്പില്‍ നാല് മത്സരങ്ങളാണ് അഹമ്മദാബാദില്‍ നടന്നത്. ഒരു മത്സരത്തില്‍ മാത്രമാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ന്നത്. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള കളിയില്‍.
സൗത്ത് ആഫ്രിക്കയും അഫ്ഗാനിസ്ഥാനുമാണ് ഇവിടെ അവസാനം ഏറ്റുമുട്ടിയത്. അവിടെ സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. ചെയ്സ് ചെയ്യുന്ന ടീമുകള്‍ക്ക് പിന്തുണ ലഭിക്കുന്നതാണ് അഹമ്മദാബാദിലെ പതിവ്. 260 റണ്‍സ് ആണ് ശരാശരി ഫസ്റ്റ് ഇന്നിങ്സ് സ്കോര്‍.
ലോകകപ്പ് ഫൈനലിനു മുന്‍പ് വ്യോമസേനയുടെ പ്രകടനം
ഇന്ത്യാ–ഒസ്ട്രേലിയ ലോകകപ്പ് ഫൈനലിനു മുന്‍പ് സൂര്യകിരണ്‍ എയറോബാറ്റിക് ടീമിന്റെ പ്രകടനവും കാണാം. നവംബര്‍ 19 ഞായറാഴ്ചയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന സൂപ്പര്‍ ഫൈനല്‍. മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. മത്സരത്തിന് 10 മിനിറ്റ് മുന്‍പാണ് വ്യോമസേനയുടെ പ്രകടനം കാണാനാവുക. ഇന്നും നാളെയുമായി പ്രകടനത്തിന്റെ റിഹേഴ്സല്‍ നടക്കുമെന്ന് ഡിഫന്‍സ് പിആര്‍ഒ മാധ്യമങ്ങളോട് പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് ഫൈനലിനു മുന്‍പ് ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം നടക്കുന്നത്. അഭ്യാസപ്രകടനത്തിന്റെ പ്രമോ വിഡിയോ സൂര്യകിരണ്‍ ടീം എക്സില്‍ പങ്കുവെച്ചു. എന്താണെന്നു പറയാമോ എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നുത്.
ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ഇന്ത്യക്ക് എതിരാളികളായത്. തീപാറുന്ന പോരാട്ടമായിരിക്കും ക്രിക്കറ്റ് പ്രേമികളെ ഫൈനലില്‍ കാത്തിരിക്കുന്നത്. മൂന്നാംകീരീടം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. ആറാം കിരീടമാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്.
إرسال تعليق