ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേൽ സൈന്യം;ഹമാസ് കമാണ്ടർ കേന്ദ്രം തകർക്കാനെന്ന് വിശദീകരണം

(www.kl14onlinenews.com)
(15-NOV-2023)

ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേൽ സൈന്യം;ഹമാസ് കമാണ്ടർ കേന്ദ്രം തകർക്കാനെന്ന് വിശദീകരണം

ഗാസ സിറ്റി : ഗാസയിലെ അൽഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേൽ സൈന്യം. ആശുപത്രിക്കടിയിലെ
ഹമാസിന്റെ കമാണ്ടർ കേന്ദ്രം തകർക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് ഇസ്രയേൽ വിശദീകരണം. മൂവായിരം അഭയാർത്ഥികളടക്കം നാലായിരത്തിലേറെ പേര്‍ ആശുപത്രിയിലുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഇരുനൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പിൽ കൂട്ടമായി സംസ്കരിച്ചിരുന്നു. വടക്കൻ ഗാസയുടെ പൂർണ്ണ നിയന്ത്രണം പിടിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.

അൽഷിഫ ആശുപത്രിയെ മറയാക്കി ഹമാസിന്‍റെ വലിയ ടണല്‍ നെറ്റ്‌വര്‍ക്കുണ്ടെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ആശുപത്രിക്ക് താഴെയുള്ള ഭൂഗർഭ തുരങ്കത്തിലാണ് ഹമാസിന്റെ ആസ്ഥാനമെന്നും രോഗികളെ മനുഷ്യകവചമാക്കുകയാണ് ഹമാസെന്നും ഇസ്രയേൽ ആരോപിക്കുന്നു. അല്‍ ഷിഫാ ആശുപത്രിക്ക് നേരെ വലിയ ആക്രമണത്തിന് ഇസ്രയേല്‍ കോപ്പുകൂട്ടുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അൽ ഷിഫാ ആശുപത്രിയിൽ വൈദ്യുതി നിലച്ചതോടെ 3 നവജാതശിശുക്കൾ മരിച്ചുവെന്നും ശേഷിക്കുന്ന കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണെന്നും അറിയിച്ച ഡോക്ടർമാർ ദൃശ്യങ്ങളടക്കം പുറത്തുവിട്ടിരുന്നു.

അൽശിഫ ആശുപത്രിയിൽ 30ലേറെ പേർ കൊല്ലപ്പെട്ടു

ഗസ്സയിലെ അൽശിഫ ആശുപത്രിക്കുള്ളിൽ കടന്നുകയറിയുള്ള കൊടുംക്രൂരത തുടർന്ന് ഇസ്രായേൽ സേന. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 30ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേരെ ഇസ്രായേൽ സേന കണ്ണുകെട്ടി പിടിച്ചുകൊണ്ടുപോയി. ദൃക്‌സാക്ഷി മൊഴി പ്രകാരം  രാത്രി ഒമ്പതിനാണ് ഇസ്രായേൽ സേന അൽശിഫയ്ക്കുള്ളിൽ കയറിയത്. എല്ലാദിശയിൽ നിന്ന് ഒരേസമയം ഇരച്ചുകയറുകയായിരുന്നു. അത്യാഹിത വിഭാഗത്തിലേക്കടക്കം യുദ്ധടാങ്കുകളുമായാണ് ഇസ്രായേൽ സേന എത്തിയത്. തുടർന്ന് ഓരോ മുറിയിലും കയറി പരിശോധന നടത്തുകയും തലങ്ങും വിലങ്ങും വെടിവെക്കുകയും ചെയ്തു.

അതിനിടെ, ഭയന്ന് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ച കുടുംബങ്ങളെയാണ് ഇസ്രായേൽ സേന വെടിവെച്ചുകൊന്നത്. ഇസ്രായേൽ സേന പ്രഖ്യാപിച്ച സുരക്ഷാപാതയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. 200ലേറെ പേരെ ഇപ്പോഴും ഇസ്രായേൽ സേന ഇപ്പോഴും ആശുപത്രിക്കുള്ളിൽ തടങ്കലിലാക്കിയിരിക്കയാണ്. അൽ ശിഫയിൽ ഹമാസ് കമാന്റ് സെന്റർ പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രായേൽ ആരോപണം. എന്നാൽ ഇതുവരെ ഇസ്രായേൽ സേനയ്ക്ക് ഇത് തെളിയിക്കാനായിട്ടില്ല. അതേസമയം, അൽശിഫ ആശുപത്രിയിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന വ്യാജ ആരോപണവുമായി നെതന്യാഹുവിന്റെ മുതിർന്ന ഉപദേശകൻ രംഗത്ത് വന്നു. എന്നാൽ ഇസ്രായേൽ സൈന്യത്തിന്റെ ഓപറേഷൻ തങ്ങളുടെ പിന്തുണുയോടെ ആണെന്ന ആരോപണം അമേരിക്ക തള്ളി. ആശുപത്രിക്കെതിരായ നീക്കം യുദ്ധകുറ്റമെന്ന് ഇറാൻ വിമർശിച്ചു.

ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഗാസ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയില്‍ കടന്നു കയറി ഇസ്രയേല്‍ സൈന്യം റെയ്ഡ് നടത്തി. നവജാത ശിശുക്കള്‍ ഉള്‍പ്പടെ 2,300 ആശുപത്രിയിലുണ്ടെന്ന് യു എന്‍ വ്യക്തമാക്കുന്നു. അല്‍-ഷിഫ ആശുപത്രിക്ക് ചുറ്റുമുള്ള വലിയ മൈതാനങ്ങളില്‍ രോഗികളല്ലാത്ത ധാരാളം ആളുകള്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷതേടി അഭയം പ്രാപിച്ചിരുന്നു. ഇവരെയും ഇസ്രയേല്‍ സൈന്യം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അല്‍-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനമെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഗാസയിലെ അല്‍-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാന്‍ഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചു. ഇസ്രയേലും അമേരിക്കയും 'ക്രൂരമായ കൂട്ടക്കൊലകളെ' ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായി ഹമാസ് ആരോപിച്ചു.

ഇതിനിടെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ കടുത്ത നിലപാടുമായി പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രംഗത്ത് വന്നു. ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികള്‍ക്കെതിരെ ക്രൂരമായ ആക്രമണവും വംശഹത്യയുടെ തുറന്ന യുദ്ധവുമാണ് തങ്ങള്‍ ഒരുമിച്ച് നേരിടുന്നതെന്നായിരുന്നു മഹ്‌മൂദ് അബ്ബാസിന്റെ പ്രതികരണം. പലസ്തീന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് റാമല്ലയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

'ഇത് പലസ്തീനികളുടെ അസ്തിത്വത്തിനെതിരായ, പലസ്തീന്‍ ദേശീയ സ്വത്വത്തിനും, ഭൂമിയുടെ സ്വത്വത്തിനും, അതിലെ നിവാസികളുടെ സ്വത്വത്തിനും എതിരായ യുദ്ധമാണ്. പലസ്തീന്‍ ഞങ്ങളുടെ ഒരേയൊരു മാതൃരാജ്യമാണ്, ഞങ്ങള്‍ അതിനെയൊരു ബദലായി അംഗീകരിക്കില്ല, ഞങ്ങളുടെ ഭൂമി വിട്ടുപോകേണ്ട ആരെങ്കിലും ഉണ്ടെങ്കില്‍, അത് അധിനിവേശക്കാരാണ്, അധിനിവേശക്കാര്‍ മാത്രമാണ്,' മഹ്‌മൂദ് അബ്ബാസ് വ്യക്തമാക്കി.

ഗാസയിലേക്ക് ഇന്ധനം; യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം; യുഎന്‍ ദൗത്യങ്ങള്‍ക്ക് മാത്രം

ഗാസ,
യുദ്ധം തുടങ്ങിയ ശേഷം ഗാസയിലേക്ക് ആദ്യ ഇന്ധന ടാങ്കര്‍ ഇന്നെത്തും. ഇരുപത്തിനാലായിരും ലീറ്റര്‍ ഡീസല്‍ ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കി. ഈജിപ്റ്റിലെ റഫാ അതിര്‍ത്തിയിലൂടെ പന്ത്രണ്ടായിരം ലീറ്റര്‍ വീതം ഇന്നും നാളെയുമായി എത്തിക്കും. ഇന്ധനം ഐക്യരാഷ്ട്രസഭ ദൗത്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്നാണ് ധാരണ. ഇന്ധനക്ഷാമം കാരണം ആശുപത്രികളുടെ പ്രവര്‍ത്തനംവരെ നിലച്ചിരുന്നു. ഗാസയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉടന്‍ നിലയ്ക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്കുനേരെ ഇസ്രയേലിന്‍റെ സൈനിക നടപടി തുടരുകയാണ്. ആശുപത്രിയിലുള്ള ജീവനക്കാരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 700 രോഗികളും ഏഴായിരം അഭയാര്‍ഥികളുമാണ് ആശുപത്രിയിലുള്ളത്.

Post a Comment

Previous Post Next Post