ലങ്കാദഹനം നടത്തി ഷമിയും സിറാജും; വാങ്കഡെയിലും വെന്നിക്കൊടി പാറിച്ച് ഇന്ത്യ ലോകകപ്പ് സെമിയിൽ

(www.kl14onlinenews.com)
(02-NOV-2023)

ലങ്കാദഹനം നടത്തി ഷമിയും സിറാജും; വാങ്കഡെയിലും വെന്നിക്കൊടി പാറിച്ച് ഇന്ത്യ ലോകകപ്പ് സെമിയിൽ
മുംബൈ :
ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ മാമത്ത് റൺസിന്റെ മാർജിനിൽ തോൽപിച്ച് ഇന്ത്യ. തുടർച്ചയായ ഏഴാം മത്സരത്തിലും ജയം നേടിയ ഇന്ത്യ സെമി ഫൈനൽ പ്രവേശനം രാജകീയമാക്കി. 302 റൺസിനായിരുന്നു ഇന്ത്യയുടെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലങ്കൻ ബാറ്റർമാരെ ഇന്ത്യൻ പേസർമാർ നിലയുറപ്പിക്കാൻ പോലും അനുവദിച്ചില്ല.

ശ്രീലങ്കൻ നിരയിൽ അഞ്ച് താരങ്ങളാണ് പൂജ്യത്തിന് പുറത്തായത്. ഓപ്പണർമാരായ പാതും നിസങ്കയും, ദിമുത് കരുണരത്നയും ഒരു റൺ പോലും എടുക്കാനാവാത്ത പവലിയനിലേക്ക് മടങ്ങിയപ്പോൾ തന്നെ മത്സരത്തിന്റെ ഭാവി തീരുമാനിക്കപ്പെട്ടിരുന്നു. രണ്ടാം ഇന്നിംഗ്‌സിന്റെ ആദ്യ പന്തിൽ തന്നെ നിസങ്കയെ മടക്കിയ ജസ്‌പ്രീത് ബുമ്രയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

രണ്ടാം ഓവറിൽ തന്നെ അടുത്ത പ്രഹരവുമെത്തി. ഇക്കുറി സിറാജിന്റെ ഊഴമായിരുന്നു. ആദ്യ പന്തിൽ തന്നെ കരുണ രത്നയെ മടക്കി സിറാജ് മികവ് തെളിയിച്ചു. പിന്നീട് ഓരോരുത്തരായി കൂടാരം കയറി. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി തന്റെ തിരിച്ചുവരവിനെ ഒരിക്കൽ കൂടി അടയാളപ്പെടുത്തി. സിറാജ് മൂന്ന് വിക്കറ്റ് നേടി മികച്ച പിന്തുണ നൽകി. ബുമ്രയും, ജഡേജയും ഓരോ വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. ഇന്നിംഗ്‌സിന്റെ അവസാനം രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗ് കൂടി ചേർന്നപ്പോൾ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 357 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്.

ഗില്ലിനും, കോഹ്‌ലിക്കും ചെറിയ വ്യത്യാസത്തിലാണ് സെഞ്ചുറികൾ നഷ്‌ടമായത്. 92 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കോഹ്‌ലി 88 റണ്‍സും, ശ്രേയസ് അയ്യര്‍ 82 റണ്‍സുമെടുത്തു. അവസാന നിമിഷം കൂറ്റനടിയുമായി കളംനിറഞ്ഞ ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുശങ്ക അഞ്ച് വിക്കറ്റെടുത്തെങ്കിലും 80 റൺസ് വഴങ്ങി.

Post a Comment

أحدث أقدم