ലോകകപ്പിലെ കുതിപ്പ്; ചരിത്രത്തിലാദ്യം, ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത നേടി അഫ്‌ഗാൻ

(www.kl14onlinenews.com)
(07-NOV-2023)

ലോകകപ്പിലെ കുതിപ്പ്;
ചരിത്രത്തിലാദ്യം, ചാമ്പ്യൻസ് ട്രോഫിയ്ക്ക് യോഗ്യത നേടി അഫ്‌ഗാൻ
ഏകദിന ലോകകപ്പിൽ സ്വപ്‌ന തുല്യമായ കുതിപ്പ് തുടരുന്ന അഫ്‌ഗാനിസ്ഥാൻ 2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇപ്പോൾ. ചരിത്രത്തിൽ ഇതാദ്യമായാണ് അഫ്‌ഗാനിസ്ഥാൻ ടൂർണമെന്റ് കളിക്കാൻ ഒരുങ്ങുന്നത്. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതോടെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ അഫ്‌ഗാനിസ്ഥാന്റെ യോഗ്യത ഉറപ്പിച്ചത്.

ചാമ്പ്യൻസ് ട്രോഫിയുടെ 2025 പതിപ്പിന് പാകിസ്ഥാനാണ് ആതിഥേയത്വം വഹിക്കുക. ആതിഥേയർക്ക് പുറമെ ലോകകപ്പിലെ മികച്ച 7 ടീമുകൾ ടൂർണമെന്റിൽ കളിക്കാൻ യോഗ്യത നേടും. മികച്ച പ്രകടനത്തിലൂടെ തരംഗം സൃഷ്‌ടിച്ച അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഈ ലോകകപ്പ് മുന്നോട്ടുള്ള വളർച്ചയ്ക്ക് ഇന്ധനമാകുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ രണ്ട് ലോകകപ്പ് എഡിഷനുകളിൽ ഒരു മത്സരം മാത്രം ജയിച്ച ടീമിന് ഇത്തവണ മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവരെ കീഴടക്കിയതിന്റെ വീരകഥ പറയാനുണ്ട്. സെമി ഫൈനൽ പ്രതീക്ഷയുമായി ഇന്ന് ഓസീസിനെ നേരിടുന്ന അവർക്ക് ജയം നേടാനായാൽ അത് മറ്റൊരു നാഴികക്കല്ല് കൂടിയാവും.

നിലവിൽ ഏഴ് മത്സരങ്ങൾ കളിച്ച അഫ്‌ഗാനിസ്ഥാൻ ലീഗ് ടേബിളിൽ എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്. മുംബൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവർ ജയിച്ചാൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാനെ മറികടക്കാൻ അവർക്കാവും. അടുത്ത മത്സരത്തിൽ സെമി യോഗ്യത നേടിയ ദക്ഷിണാഫ്രിക്കയെയാണ് അവർ നേരിടുക.

കടുത്ത പോരാട്ടങ്ങൾ കാത്തിരിക്കുമ്പോഴും അഫ്‌ഗാൻ ക്രിക്കറ്റ് ടീം പ്രതീക്ഷയിലാണ്. തന്റെ ടീമിന്റെ പ്രകടനത്തിൽ ആത്മവിശ്വാസം അറിയിച്ച ഹഷ്‌മത്തുള്ള ഷാഹിദി ഏത് വമ്പൻ ടീമിനെതിരെയും മികവ് പുലർത്താൻ ഇപ്പോഴത്തെ അഫ്‌ഗാൻ പടയ്ക്ക് സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

Post a Comment

أحدث أقدم