‘ഫ്രീ ഫലസ്തീന്‍’ ടീ ഷർട്ടുമായി ആരാധകൻ; 'ഇതാ ഈ ലോകകപ്പിന്‍റെ മാൻ ഓഫ് ദി സീരീസ്!

(www.kl14onlinenews.com)
(20-NOV-2023)

‘ഫ്രീ ഫലസ്തീന്‍’ ടീ ഷർട്ടുമായി ആരാധകൻ;
'ഇതാ ഈ ലോകകപ്പിന്‍റെ മാൻ ഓഫ് ദി സീരീസ്!
അഹ്മദാബാദ് :
ഇന്നലെ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായത് വാശിയേറിയ പോരാട്ടത്തിന് മാത്രമായിരുന്നില്ല, ലോകമെങ്ങുമുള്ള യുദ്ധവിരുദ്ധ മുന്നേറ്റത്തിന് ആവേശം പകർന്ന നിമിഷങ്ങൾക്ക് കൂടിയായിരുന്നു. 'ഫ്രീ ഫലസ്തീൻ' എന്നെഴുതിയ ടീഷർട്ടും ധരിച്ച് ഒരാൾ മൈതാനത്തേക്ക് ഇറങ്ങിവന്നത് ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിനെ കായികലോകത്തിന് മുന്നിൽ ചർച്ചയാക്കി.

ആസ്ട്രേലിയൻ സ്വദേശിയായ ജോൺ എന്നയാളാണ് ലോകക്രിക്കറ്റ് വേദിയെ പ്രതിഷേധവേദിയാക്കി മാറ്റിയത്. 'ഈ ലോകകപ്പിന്‍റെ മാൻ ഓഫ് ദി സീരീസ്' ഇദ്ദേഹമാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് സൈലം ഡയറക്ടറും എഴുത്തുകാരനുമായ ലിജീഷ് കുമാർ. സമൂഹമാധ്യമങ്ങളിൽ ലിജീഷ് കുമാർ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

ലിജീഷ് കുമാറിന്‍റെ കുറിപ്പ് വായിക്കാം...
ട്രാവിസ് ഹെഡും മാർനസ് ലാബുഷാനും ചേർന്നല്ല ഇന്ത്യയെ തോൽപ്പിച്ചത്. 14ാം ഓവറിൽ മൈതാനത്തേക്ക് പറന്നിറങ്ങിയ മറ്റൊരു ആസ്ട്രേലിയക്കാരനുണ്ട്, ജോൺ. പന്ത്രണ്ടാമനായി കളിക്കാനിറങ്ങിയ ഈ മനുഷ്യനാണ് 2023 ലോകകപ്പിന്‍റെ മാൻ ഓഫ് ദി സീരീസ്.

ഒരു രാജ്യത്തിന്‍റെ ഭാരം മുഴുവൻ ചുമലിലേറ്റി അയാൾ കളിക്കളത്തിലിറങ്ങുന്നു എന്നൊക്കെ പണ്ട് പത്രങ്ങൾ എഴുതുമായിരുന്നു. ജോൺ, നിങ്ങളിന്ന് സമ്മാനിച്ചത് ആ കാഴ്ചയാണ്. അഹമ്മദാബാദിലെ ചന്ദ്ഖേദ പൊലീസ് സ്റ്റേഷനിലേക്കുള്ള വണ്ടിയിലിരുന്ന് അയാൾ പറഞ്ഞു, "ജോണെന്നാണ് എന്‍റെ പേര്. ഈ കുപ്പായത്തിലെഴുതിയത് എന്‍റെ രാജ്യത്തിന്‍റെ പേരല്ല, ഞാൻ ആസ്ട്രേലിയക്കാരനാണ്. വിരാട് കോഹ്ലിയെ കാണാനാണ് മൈതാനത്തേക്ക് കയറിയത്. ഫലസ്തീനെ അനുകൂലിക്കണമെന്ന് ഇന്ത്യയോട് പറയാൻ എനിക്കത് ചെയ്യണമായിരുന്നു."

ലോകം മുഴുവൻ നോക്കിനിൽക്കെ ഇന്ത്യ തോറ്റ നിമിഷമാണത്. വലിയ കളിക്കാർ ഗ്യാലറിയിലിരുന്ന് അതു കണ്ടു, തലകുനിച്ചു.

ഇതുവരേയും നടന്നതിന്, ഇയാൾക്കിങ്ങനെ ചേർത്തു പിടിക്കാൻ ചുമൽ കൊടുത്തതിന്, ഈ നോട്ടത്തിന് TeamIndia യ്ക്ക് സ്നേഹം Virat Kohliയ്ക്കും.

Post a Comment

Previous Post Next Post