ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരായ പ്രവർത്തി; മാത്യൂസിന്റെ പുറത്താകലിൽ അസലങ്കയു‌ടെ പ്രതികരണം

(www.kl14onlinenews.com)
(06-NOV-2023)

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരായ പ്രവർത്തി; മാത്യൂസിന്റെ പുറത്താകലിൽ അസലങ്കയു‌ടെ പ്രതികരണം
ഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ് ‌ടൈംഡ് ഔട്ട് ആയിരിക്കുകയാണ്. ശ്രീലങ്ക ബാറ്റ് ചെയ്യുമ്പോൾ 25-ാം ഓവറിലാണ് സംഭവം. ഹെൽമറ്റ് മാറിയെടുക്കുന്നതിനിടെ അടുത്ത പന്ത് നേരിടാൻ വൈകിയെന്ന് ബം​ഗ്ലാദേശ് നായകൻ ആരോപിച്ചു. ഷക്കീബ് അൽ ഹസ്സന്റെ അപ്പീലിൽ അംപയർ ഔട്ട് വിധിക്കുകയും ചെയ്തു.

മത്സരത്തിൽ സെഞ്ചുറി നേടിയ ചരിത് അസലങ്ക ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. പിന്നാലെ മാത്യൂസിന്റെ പുറത്താകലിൽ താരം പ്രതികരണവുമായി എത്തി. സെഞ്ചുറി നേടാനായതിൽ തനിക്ക് സന്തോഷമുണ്ട്. പക്ഷേ മാത്യൂസിന്റെ പുറത്താകലിനെ കുറിച്ചാണ് തനിക്ക് പറയാനുള്ളത്. ക്രിക്കറ്റിന്റെ മാന്യതയ്ക്കെതിരായ പ്രവർത്തി എന്നാണ് മാത്യൂസിന്റെ പുറത്താകലിൽ അലസങ്കയുടെ വാക്കുകൾ.

ടൈംഡ് ഔട്ടാക്കി നാണംകെടുത്തിയ ഷാക്കിബിനെ പുറത്താക്കി മാത്യൂസിന്‍റെ മധുരപ്രതികാരം


നിശ്ചിത സമയത്തിനുള്ളില്‍ ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ടൈംഡ് ഔട്ട് അപ്പീലിലൂടെ തന്നെ പുറത്താക്കിയ ബംഗ്ലാദേശ് നായകനെ പുറത്താക്കി ശ്രീലങ്കന്‍ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്‍റെ മധുരപ്രതികാരം. ലങ്ക ഉയര്‍ത്തിയ 280 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തിലെ ഓപ്പണര്‍മാരായ തന്‍സിദ് ഹസനെയും ലിറ്റണ്‍ ദാസിനെയും നഷ്ടമായിരുന്നു.

എന്നാല്‍ മൂന്നാം നമ്പറിലിറങ്ങിയ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും(90), ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും(82) ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 159 റണ്‍സ് കൂട്ടുകെട്ടിലൂടെ ബംഗ്ലാദേശിനെ വിജയത്തിന് അടുത്ത് എത്തിച്ചതിന് പിന്നാലെ ഇരുവരെയും പുറത്താക്കിയാണ് ഏയ്ഞ്ചലോ മാത്യൂസ് പ്രതികാരം വീട്ടിയത്. ബംഗ്ലാദേശ് സ്കോര്‍ 210ല്‍ നില്‍ക്കെ മാത്യൂസിന്‍റെ പന്തില്‍ അടിതെറ്റി ഷാക്കിബിനെ ചരിത് അസലങ്ക പറന്നു പിടിച്ചപ്പോള്‍ ഷാക്കിബിനെ കൈയിലെ സമയം കാണിച്ചാണ് മാത്യൂസ് യാത്രയയപ്പ് നല്‍കിയത്. തന്‍റെ അടുത്ത ഓവറില്‍ ഷാന്‍റോയെ മാത്യൂസ് ബൗള്‍ഡാക്കി ഇരട്ടപ്രഹരമേല്‍പ്പിക്കുകയും ചെയ്തു.

നേരത്തെ ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ ഷാക്കിബിന്‍റെ പന്തില്‍ സദീര സമരവിക്രമ പുറത്തായശേഷം ക്രീസിലെത്തിയ ഏയ്ഞ്ചലോ മാത്യൂസ് ആദ്യ പന്ത് നേരിടാന്‍ തയാറെടുക്കന്നതിനിടെയാണ് ശരിയായ ഹെല്‍മെറ്റല്ല ധരിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. ഹെല്‍മെറ്റ് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ട്രാപ്പ് പൊട്ടിയതോടെ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി പുതിയ ഹെല്‍മെറ്റ് കൊണ്ടുവരാന്‍ മാത്യൂസ് ആവശ്യപ്പെട്ടു.

ഈ നേരമത്രയും അക്ഷമനായി നിന്ന ഷാക്കിബ് ഒടുവില്‍ അമ്പയറോട് സംസാരിച്ച് ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്യുകയും നിയമപ്രകാരം ആദ്യ പന്ത് നേരിടാന്‍ രണ്ട് മിനിറ്റില്‍ കൂടുതല്‍ സമയമെടുത്ത മാത്യൂസിനെ ഔട്ട് വിളിക്കുകയുമായിരുന്നു. ഷാക്കിബിനോട് തര്‍ക്കിച്ചശേഷം അതൃപ്തിയോടെയാണ് മാത്യൂസ് ക്രീസ് വിട്ടത്.
തിരിച്ചുകയറും വഴി ഹെല്‍മെറ്റ് ബൗണ്ടറി ലൈനിന് പുറത്തേക്ക് വലിച്ചെറിഞ്ഞാണ് മാത്യൂസ് കയറിപ്പോയത്.

ഷാക്കിബിന്‍റെ നടപടി മങ്കാദിംഗിനെക്കാള്‍ നാണംകെട്ട ഏര്‍പ്പാടായിപ്പോയെന്ന് ആരാധകര്‍ വിമര്‍ശിക്കുകയും ചെയ്തു. ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിലില്ലാതിരുന്ന മാത്യൂസ് ക്യാപ്റ്റന്‍ ദസുന്‍ ഷനകക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി ടീമിലെത്തിയത്.

Post a Comment

Previous Post Next Post