ലങ്കയിൽ 'കളിക്കാനെത്തിയാൽ കല്ലെടുത്ത് എറിയും'; ഷാക്കിബിനെതിരെ മാത്യൂസിന്‍റെ സഹോദരൻ

(www.kl14onlinenews.com)
(09-NOV-2023)

ലങ്കയിൽ 'കളിക്കാനെത്തിയാൽ കല്ലെടുത്ത് എറിയും'; ഷാക്കിബിനെതിരെ
മാത്യൂസിന്‍റെ സഹോദരൻ

ശ്രീലങ്കൻ ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് ടൈംഡ് ഔട്ടിൽ പുറത്താക്കിയത് ക്രിക്കറ്റ് ലോകത്തിന്‍റെ വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. 146 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഒരു താരം ആദ്യമായാണ് ടൈംഡ് ഔട്ടിൽ പുറത്താകുന്നത്.

രണ്ടു മിനിറ്റ് കഴിഞ്ഞിട്ടും മാത്യൂസ് ബാറ്റിങ്ങിന് തയാറാകാതെ വന്നതോടെ ബംഗ്ലാദേശിന്‍റെ അപ്പീൽ അമ്പയർ അംഗീകരിക്കുകയായിരുന്നു. ഹെൽമറ്റ് മാറിയെടുത്തതാണ് താരത്തിന് വിനയായത്. തുടർന്ന് ശാകിബിനോടടക്കം മാത്യൂസ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ബംഗ്ലാദേശ് നായകൻ അപ്പീൽ പിൻവലിക്കാൻ തയാറായില്ല. ടൈംഡ് ഔട്ടിനായുള്ള ശാകിബിന്‍റെ അപ്പീൽ മനസ്സില്ല മനസ്സോടെയാണ് അമ്പയർ അംഗീകരിച്ചത്.

മത്സരശേഷം ശാകിബിനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമർശിച്ച് മാത്യൂസ് രംഗത്തുവന്നിരുന്നു. ശാകിബിൽനിന്നുണ്ടായത് മോശം അനുഭവമാണെന്ന് താരം പറഞ്ഞു. ബംഗ്ലാദേശ് ഈ തരത്തിലാണ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. നാണക്കേടാണിത്. ഇന്ന് വരെ എനിക്ക് ശാകിബിനോട് വലിയ ബഹുമാനം തോന്നിയിരുന്നു, പക്ഷേ അവൻ തന്നെ എല്ലാം ഇല്ലാതാക്കിയെന്നും മാത്യൂസ് വിമർശിച്ചിരുന്നു.

ഇപ്പോഴിതാ മാത്യൂസിന്‍റെ സഹോദരൻ ട്രെവിസും ശാകിബിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ശാകിബിനെ ശ്രീലങ്കയിലേക്ക് കയറ്റില്ലെന്നും താരം ദ്വീപ് രാഷ്ട്രത്തിൽ ക്രിക്കറ്റ് കളിക്കാൻ വന്നാൽ കല്ലെറിയുമെന്നും ട്രെവിസ് മുന്നറിയിപ്പ് നൽകി.

‘ഞങ്ങൾ വളരെ നിരാശരാണ്. ബംഗ്ലാദേശ് നായകന് കളിയിലെ സ്പോർട്സ്മാൻ സ്പിരിറ്റ് അറിയില്ല, കളയിൽ മാന്യതയും മനുഷ്യത്വവും കാണിച്ചില്ല. ബംഗ്ലാദേശ് ടീമിൽനിന്ന് ഇതൊരിക്കലും പ്രതീ‍‍ക്ഷിച്ചില്ല. ഷാക്കിബിനെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്യില്ല. അന്താരാഷ്ട്ര മത്സരങ്ങളോ ലങ്കൻ പ്രീമിയർ ലീഗ് മത്സരങ്ങളോ കളിക്കാൻ ഇവിടെ വന്നാൽ കല്ലെറിയും, അല്ലെങ്കിൽ ആരാധകരുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവരും’ -ട്രെവിസ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മത്സരത്തിൽതന്നെ ശാകിബിനെ പുറത്താക്കി മാത്യൂസ് മധുരപ്രതികാരം ചെയ്യുന്ന നാടകീയ നിമിഷത്തിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. സെഞ്ച്വറിയിലേക്കു നീങ്ങിയ ശാകിബ് മാത്യൂസിന്‍റെ പന്തിലാണ് പുറത്തായത്. ഇതിനകം ശ്രീലങ്കയും ബംഗ്ലാദേശും ലോകകപ്പിൽനിന്ന് സെമി കാണാതെ പുറത്തായിട്ടുണ്ട്.

Post a Comment

Previous Post Next Post