(www.kl14onlinenews.com)
(29-NOV-2023)
തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്(Kerala Varma College) ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ റീകൗണ്ടിങ്(recounting) ഡിസംബര്‍ രണ്ടിന് നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് റീകൗണ്ടിങ് ആരംഭിക്കാനാണ് തീരുമാനം. ഇന്ന് പ്രിന്‍സിപ്പല്‍ ചേംബറില്‍ നടന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീയതിയും സമയവും നിശ്ചയിച്ചത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി റീകൗണ്ടിങ്ങിന് ഉത്തരവിട്ടിരുന്നു. കെഎസ്‍യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചത്. ചട്ടപ്രകാരം റീ കൗണ്ടിംഗ് നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. എന്നാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെഎസ്‍യുവിന്റെ ആവശ്യം കോടതി തള്ളി. നേരത്തെ സ്എഫ്ഐ സ്ഥാനാർത്ഥിയെ ആണ് വിജയിയായി പ്രഖ്യാപിച്ചിരുന്നത്.
കേരള വർമ കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. ശ്രീക്കുട്ടൻ 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജിൽ വൈദ്യുതി തടസ്സപ്പെട്ടു. ഒടുവിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിച്ചു. ഇതിനെതിരെ എസ് ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
വൈദ്യുതി ഇല്ലാത്ത സമയത്ത് റീ കൗണ്ടിംഗ് നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ശ്രീക്കുട്ടൻ അധികൃതർക്കു മുന്നിലെത്തിയെങ്കിലും പരിഗണിച്ചിരുന്നില്ല. റീ കൗണ്ടിംഗിൽ കൃത്രിമം കാട്ടാൻ എസ്എഫ്ഐ ശ്രമിക്കുന്നതായി കെഎസ് യു പ്രവർത്തകർ ആരോപിച്ചതും ഇതു ചോദ്യം ചെയ്തതും നേരിയ സംഘർഷത്തിലെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കൗണ്ടിംഗി നിർത്തിവയ്ക്കണമെന്ന് കോളേജ് പ്രിൻസിപ്പലും പൊലീസും ആവശ്യപ്പെട്ടെങ്കിലും റീ കൗണ്ടിംഗ് ഓഫിസർ തയ്യാറായില്ല.
ഇതിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ കെഎസ്‌യു പരാതി നല്‍കി. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് സംസ്ഥാന പൊലീസ് മേധാവിക്ക് കെ എസ് യു പരാതി നല്‍കിയത്.
ഇലക്ഷന്‍ സീറ്റ് അട്ടിമറിക്കുന്നതിനായി റിട്ടേണിങ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേര്‍ ടാബുലേഷന്‍ ഷീറ്റ് കൃത്രിമമായി ഉണ്ടാക്കിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇതോടൊപ്പം പൊലീസുകാര്‍ക്കെതിരെയും കെ എസ് യു പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കെ എസ് യു മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം
إرسال تعليق