സെമിയില്‍ പൊരുതിവീണ് ദക്ഷിണാഫ്രിക്കന്‍ കണ്ണീര്‍; ലോകകപ്പിൽ ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ

(www.kl14onlinenews.com)
(16-NOV-2023)

സെമിയില്‍ പൊരുതിവീണ് ദക്ഷിണാഫ്രിക്കന്‍ കണ്ണീര്‍; ലോകകപ്പിൽ ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ
കൊൽക്കത്ത:
ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിച്ചു. ജയിക്കാന്‍ 213 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് 47.2 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

എട്ടാം തവണയാണ് ഓസ്്ട്രേലിയ ഫൈനലിലെത്തുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലാണ് കലാശപ്പോര്.

നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു കലാശപ്പോരാട്ടം. ഏകദിന ലോകകപ്പില്‍ ഓസീസിന്റെ എട്ടാം ഫൈനലാണിത്. അഞ്ചു തവണ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് കിരീടം വിജയിച്ചിട്ടുണ്ട്. 1987,1999, 2003, 2007, 2015 വർഷങ്ങളിലായിരുന്നു ഇത്. 1983, 2011 ലോകകപ്പ് എഡിഷനുകളിലാണ് ഇന്ത്യയുടെ വിജയം.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയ ലക്ഷ്യത്തില്‍ ഏഴു വിക്കറ്റു നഷ്ടത്തിൽ 16 പന്തുകൾ ബാക്കി നിൽക്കെ ഓസ്ട്രേലിയയെത്തി. ട്രാവിസ് ഹെഡ് അർധ സെഞ്ചറി നേടി. 48 പന്തിൽ ഹെഡ് 62 റൺസെടുത്തു പുറത്തായി. 60 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഓപ്പണർമാർ ഓസീസിനു നല്‍കിയത്. വാർണറെ എയ്ഡൻ മാര്‍ക്രാം ബോൾഡാക്കുകയായിരുന്നു. ആറു പന്തുകൾ നേരിട്ട മിച്ചൽ മാര്‍ഷിനെ കഗിസോ റബാദയുടെ പന്തിൽ റാസി വാൻ ‍ഡർ ദസൻ ക്യാച്ചെടുത്ത് മടക്കി. 40 പന്തുകളിൽനിന്ന് ട്രാവിസ് ഹെഡ് അർധ സെഞ്ചറി തികച്ചു. സ്കോർ 106ൽ നിൽക്കെ താരം പുറത്തായി. കേശവ് മഹാരാജിന്റെ പന്തിൽ ഹെഡ് ബോൾ‍ഡാകുകയായിരുന്നു. 31 പന്തിൽ 18 റണ്‍സെടുത്ത മാർനസ് ലബുഷെയ്ന്‍ ടബരെയ്സ് ഷംസിയുടെ പന്തിൽ എൽബി‍ഡബ്ല്യു ആയി.

തുടർന്ന് ഗ്ലെൻ മാക്‌സ്‍വെല്ലിലായി ഓസീസിന്റെ പ്രതീക്ഷ. എന്നാൽ നേരിട്ട അഞ്ചാം പന്തിൽ മാക്സ്‍വെൽ ബോൾഡായി. സ്പിന്നർ ടബരെയ്സ് ഷംസിക്കുമുന്നിൽ മാക്‌സ്‍വെല്ലും വീണതോടെ പ്രതിരോധമുറപ്പിച്ച് സാവധാനത്തിലായി ഓസ്ട്രേലിയയുടെ കളി. ജോഷ് ഇംഗ്ലിസിനെ കൂട്ടുപിടിച്ച് സ്റ്റീവ് സ്മിത്ത് നടത്തിയ ചെറുത്തുനിൽപ് ഓസ്ട്രേലിയയെ 170 കടത്തി. 34–ാം ഓവറിൽ ജെറാൾഡ് കോർട്സീയെ നേരിട്ട സ്മിത്തിനു പിഴച്ചു. ഉയർന്നു പൊങ്ങിയ പന്ത് വിക്കറ്റ് കീപ്പർ ഡി കോക്ക് പിടിച്ചെടുത്തു. അപ്പോൾ ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 99 പന്തിൽ 39 റൺസ് മാത്രമായിരുന്നു. കളി ജയിപ്പിക്കുകയെന്ന ചുമതല തുടർന്ന് ജോഷ് ഇംഗ്ലിസ് ഏറ്റെടുത്തു.

മിന്നിത്തിളങ്ങിയത് മില്ലര്‍ മാത്രം, ദക്ഷിണാഫ്രിക്ക 212ന് പുറത്ത്

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 212 റൺസെടുത്തു പുറത്തായി. തുടക്കത്തിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ദക്ഷിണാഫ്രിക്കയെ മധ്യനിര താരം ഡേവിഡ് മില്ലറിന്റെ സെഞ്ചറി പ്രകടനമാണു കരകയറ്റിയത്. 116 പന്തുകൾ നേരിട്ട മില്ലർ 101 റൺസെടുത്തു പുറത്തായി. ഹെൻറിച് ക്ലാസൻ 48 പന്തുകളിൽ‌ 47 റൺസെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരുക്കുമാറി തിരിച്ചെത്തിയ ക്യാപ്റ്റൻ ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ആദ്യം പുറത്തായത്. ഇന്നിങ്സിലെ ആറാം പന്തില്‍ ബാവുമയെ മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ചു.

ക്വിന്റൻ ഡികോക്ക് (മൂന്ന്), എയ്ഡൻ മാർക്രം (20 പന്തിൽ 10), റാസി വാൻ ഡർ ദസൻ (31 പന്തിൽ ആറ്) എന്നിവർ പിന്നാലെ പുറത്തായി ഗ്രൗണ്ട് വിട്ടു. ഡികോക്കിനെയും ദസനെയും പുറത്താക്കിയത് ജോഷ് ഹെയ്സൽവുഡാണ്. മത്സരത്തിലെ ആദ്യ പത്ത് ഓവറുകളിൽ 18 റൺസ് മാത്രമാണു ദക്ഷിണാഫ്രിക്ക നേടിയത്. ഡേവിഡ് മില്ലറും ഹെൻറിച് ക്ലാസനും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തി. 48 പന്തിൽ 47 റൺസെടുത്ത ക്ലാസൻ ട്രാവിസ് ഹെഡിന്റെ പന്തിൽ ബോൾ‍ഡാകുകയായിരുന്നു.

പിന്നാലെയെത്തിയ മാർകോ ജാൻസൻ ട്രാവിസ് ഹെ‍ഡിന്റെ ആദ്യ പന്തിൽ എൽബി‍ഡബ്ല്യു ആയി മടങ്ങി. ജെറാൾഡ് കോട്സീ മില്ലർക്കു പിന്തുണയുമായി ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം അധികം നീണ്ടില്ല. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്ത് താരത്തെ പുറത്താക്കി. 39 പന്തുകൾ നേരിട്ട താരം 19 റൺസാണെടുത്തത്. 47–ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് സിക്സ് അടിക്കാൻ ശ്രമിച്ച കേശവ് മഹാരാജിനെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു മടക്കി.

48–ാം ഓവറിൽ സ്റ്റാർക്കിനെ സിക്സർ പറത്തിയാണ് മില്ലർ സെഞ്ചറി തികച്ചത്. 115 പന്തുകളിൽനിന്നാണ് താരം സെഞ്ചറിയിലെത്തിയത്. തൊട്ടുപിന്നാലെ വീണ്ടുമൊരു ബൗണ്ടറിക്കു ശ്രമിച്ച മില്ലറെ ട്രാവിസ് ഹെഡ് ക്യാച്ചെടുത്തു മടക്കി. എട്ട് ഫോറുകളും അഞ്ചു സിക്സുകളുമാണ് സെമി ഫൈനൽ പോരാട്ടത്തില്‍ മില്ലർ ബൗണ്ടറി കടത്തിയത്. ഓസീസിനായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. ഹെയ്സൽവുഡും ട്രാവിസ് ഹെഡും രണ്ടു വിക്കറ്റു വീതവും നേടി.

Post a Comment

Previous Post Next Post