(www.kl14onlinenews.com)
(18-NOV-2023)
അഹമ്മദാബാദ് :
ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന നവംബർ 19 ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് 45 മിനിറ്റ് നേരത്തേക്ക് പാസഞ്ചർ വിമാന സർവീസ് നടത്തില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ എയർഫോഴ്‌സിന്റെ സൂര്യ കിരൺ ടീം നടത്തുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾക്ക് വേണ്ടിയാണ് ഈ നടപടി. ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ആഘോഷിക്കുന്നതിനായാണ് വ്യോമപാത അടച്ചിടുക. 10 മിനിറ്റ് നേരത്തേക്ക് ഒമ്പത് പോർവിമാനങ്ങളാണ് കാണികളെ വിസ്മയിപ്പിക്കാനെത്തുക.
ഉച്ചയ്ക്ക് 1.25 മുതൽ 2.10 വരെയാണ് വ്യോമപാത അടച്ചിടുകയെന്ന് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര എയർപോർട്ട് അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നുണ്ട്. ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസ് പങ്കെടുക്കുമെന്ന് സൂചനയുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി വരുമോയെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
അതേസമയം, ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായി വ്യാഴാഴ്ച അഹമ്മദാബാദിൽ പറന്നിറങ്ങിയ രോഹിത്ത് ശർമ്മയ്ക്കും കൂട്ടർക്കും വൻ വരവേൽപ്പാണ് ലഭിച്ചത്. ഇന്ത്യൻ ടീമിന്റെ ബസ് സഞ്ചരിക്കുന്ന വഴിനീളെ ഇരുവശത്തുമായി ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. ആവേശത്തോടെയുള്ള ആർപ്പുവിളികളോടെയും ജയ് വിളികളോടെയുമാണ് ടീം ഇന്ത്യയ്ക്ക് അവർ സ്വാഗതമരുളിയത്.
ചിലർ ദേശീയ പതാകകൾ വീശി ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയറിയിച്ചു. ഭൂരിഭാഗം പേരും ഇന്ത്യൻ താരങ്ങളുടെ വരവ് മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. മുന്നിലെ സൈഡ് സീറ്റിൽ കാൽനീട്ടി ഇരുന്നായിരുന്നു വിരാട് കോഹ്ലിയുടെ യാത്ര. ആരാധകരുടെ ആവേശമൊന്നും ശ്രദ്ധിക്കാതെ ഫോണിൽ കാര്യമായി വീഡിയോ കാണുന്ന തിരിക്കിലായിരുന്നു താരം. ഭൂരിഭാഗം താരങ്ങളും ഫോണിൽ ശ്രദ്ധിച്ചായിരുന്നു യാത്ര ചെയ്തിരുന്നത്.
إرسال تعليق