(www.kl14onlinenews.com)
(10-NOV-2023)
ഗസ്സയിലേക്ക് കൂടുതൽ
സഹായമെത്തിച്ച് ഖത്തർ,
ദോഹ: ഇസ്രായേൽ നരഹത്യ തുടരുന്നു ഗസ്സയിലേക്ക് കൂടുതൽ സഹായവുമായി ഖത്തറിന്റെ സേനാ വിമാനങ്ങൾ പറന്നിറങ്ങി. മരുന്നും ഭക്ഷണവും ആശുപത്രി സംവിധാനങ്ങളും അവശ്യവസ്തുക്കളും ഉൾപ്പെടെ 180 ടൺ വരുന്ന സഹായവസ്തുക്കൾ വഹിച്ചാണ് ഖത്തർ സായുധ സേനയുടെ നാല് വിമാനങ്ങൾ ഈജിപ്തിലെ അൽ അർഷിലെത്തിയത്.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവർ സംയുക്തമായാണ് ഗസ്സയിലേക്കുള്ള കൂടുതൽ ദുരിതാശ്വാസ വസ്തുക്കളെത്തിച്ചത്.
ഒക്ടോബർ ഏഴിന് തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും മരണം വിതച്ചുകൊണ്ട് ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾക്കിടയിൽ ഇത് നാലാം തവണയാണ് ഖത്തറിന്റെ സഹായവുമായി വിമാനങ്ങൾ റഫ അതിർത്തിയോട് ചേർന്ന് അൽ അർഷിലെത്തുന്നത്. ഇവിടെ നിന്നും ട്രക്കുകളിൽ റോഡു മാർഗം ഗസ്സയിലെത്തിക്കും.
ഗസ്സ ആശുപത്രി സേവനം: ഖത്തർ റെഡ്ക്രസന്റിന്റെ വിളി കേട്ട് ആരോഗ്യ പ്രവർത്തകർ
ദോഹ: ഗസ്സയിൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധ സേവനത്തിനായുള്ള വിളി കേട്ടത് നൂറുക്കണക്കിനാളുകൾ. പ്രാദേശിക, അന്താരാഷ്ട്ര തലത്തിലുള്ള സന്നദ്ധ പ്രവർത്തനത്തിനായി ആഹ്വാനം ചെയ്ത് 48 മണിക്കൂറിനുള്ളിൽ 700 ആരോഗ്യ സന്നദ്ധ പ്രവർത്തകരാണ് മുന്നോട്ട് വന്നത്. ‘ദ ലൈഫ്ലൈൻ ഓഫ് ഡിഗ്നിറ്റി ആൻഡ് ലൈഫ്-ഗസ്സ’ എന്ന തലക്കെട്ടിൽ നിരവധി പേർക്ക് അടിയന്തര ചികിത്സ ആവശ്യമുള്ള ഗസ്സയിലേക്ക് വിദഗ്ധരെ വിന്യസിക്കുന്നതിന് ഖത്തറിനകത്തും പുറത്തുമുള്ള മെഡിക്കൽ ടീമുകൾക്കായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുതിയ സംരംഭത്തിന് ഖത്തർ റെഡ്ക്രസന്റ് തുടക്കം കുറിച്ചത്.
ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും വൈദ്യ പരിചരണം നൽകുന്നതിനും വിവിധ സ്പെഷാലിറ്റികളിലുള്ള മെഡിക്കൽ സംഘങ്ങളിൽ ചേരാൻ ഖത്തറിനകത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മെഡിക്കൽ ഉദ്യോഗസ്ഥരെ ക്ഷണിക്കുകയാണെന്ന് ഖത്തർ റെഡ്ക്രസന്റ് ദോഹയിൽ അറിയിച്ചു.ഓർത്തോപീഡിക്സ്, ജനറൽ സർജറി, വാസ്കുലാർ സർജറി, ന്യൂറോ സർജറി, തൊറാസിക് സർജറി, നഴ്സിങ് എന്നിവയാണ് പ്രധാനമായും ലിസ്റ്റ് ചെയ്തിരിക്കുന്ന സ്പെഷാലിറ്റികൾ. യോഗ്യരായവർക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഖത്തർ റെഡ്ക്രസന്റ് പങ്കുവെച്ചിരിക്കുന്ന ലിങ്കിലൂടെ ഒൺലൈൻ ഫോറം പൂരിപ്പിച്ച് സന്നദ്ധ സേവനത്തിന് തയാറാകാം.
ഗസ്സയിലേക്ക് ആരോഗ്യ പ്രവർത്തകരെ ക്ഷണിച്ചുകൊണ്ടുള്ള ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി പോസ്റ്റ്
വൈദഗ്ധ്യവും നൂതന മെഡിക്കൽ ഉപകരണങ്ങളും ആവശ്യമുള്ള സങ്കീർണമായ ശസ്ത്രക്രിയകൾ തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർമാർ നിർവഹിക്കും. കൂടാതെ ഫലസ്തീനിലെ ഡോക്ടർമാർക്ക് പരിശീലനം നൽകുമെന്നും ഖത്തർ റെഡ്ക്രസന്റ് വ്യക്തമാക്കി. പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് രണ്ട് ദിവസത്തിനുള്ളിൽ എഴുനൂറിലധികം മെഡിക്കൽ വിദഗ്ധരാണ് സന്നദ്ധ പ്രവർത്തനത്തിനായി മുന്നോട്ടു വന്നതെന്നും ഖത്തർ റെഡ്ക്രസന്റ് അറിയിച്ചു.
ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിനു ശേഷം 10,000ലധികം പേരെയാണ് ഇസ്രായേൽ അധിനിവേശ സേന ഗസ്സയിൽ കൊന്നൊടുക്കിയത്. ഇതിൽ നാലായിരത്തിലധികം കുട്ടികളാണ്. ആകെ മരണസംഖ്യയുടെ നാൽപത് ശതമാനം വരുമിത്.
പാകിസ്താനും തുർക്കിയയുമുൾപ്പെടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഖത്തർ റെഡ്ക്രസന്റിന്റേതിന് സമാനമായ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഗസ്സയിൽ വിദേശികൾക്കായി അതിർത്തി തുറന്ന സാഹചര്യത്തിൽ നൂറുക്കണക്കിന് പാകിസ്താൻ ഡോക്ടർമാർ ഗസ്സയിലേക്ക് വൈദ്യസഹായം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. നിരവധി പാക്കിസ്താൻ എൻ.ജി.ഒകൾ തുർക്കിയയിലെയും ഗസ്സയിലെയും ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി ബന്ധപ്പെട്ടിരുന്നുവെന്ന് തുർക്കിയയിലെ അനാദൊലു ഏജൻസി ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.
إرسال تعليق