(www.kl14onlinenews.com)
(20-NOV-2023)
പതിവുപോലെ തലവേദന സമ്മാനിച്ച് 'ട്രാവിസ് ഹെഡ്ഡ്' വില്ലനായി അവതരിച്ച മത്സരത്തിൽ കണ്ണീരണിഞ്ഞാണ് രോഹിത് ശർമ്മയും കൂട്ടരും മൈതാനം വിട്ടത്. തൊപ്പി താഴ്ത്തി മുഖം മറച്ചാണ് രോഹിത്ത് ഡഗ് ഔട്ടിലേക്ക് നടന്നത്. മാക്സ്‌വെൽ വിജയറൺ നേടുമ്പോൾ ഇന്ത്യൻ താരങ്ങളിൽ പലരും തളർന്ന് നിലത്തിരിക്കുകയായിരുന്നു.
കയ്യെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ടതിന്റെ വിഷാദം വിരാട് കോഹ്ലിയുടെ മുഖത്തും നിഴലിച്ച് കണ്ടു. സമ്മാനദാന ചടങ്ങിലും ചിരിക്കാനാകാതെ പ്രിയതാരം വിഷമിക്കുന്നത് കാണാമായിരുന്നു. സച്ചിൻ ടെണ്ടുൽക്കർ മത്സര ശേഷം ഗ്രൌണ്ടിലെത്തി താരങ്ങളെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.
മത്സരത്തിൽ 35 ഓവറിന് ശേഷം നല്ലൊരു പാർട്ണർഷിപ്പ് ഉണ്ടാക്കാനാകാത്തത് വെല്ലുവിളിയായെന്നും, അല്ലെങ്കിൽ 280 റൺസിനടുത്ത് സ്കോർ ചെയ്യാമായിരുന്നുവെന്നും ക്യാപ്റ്റൻ രോഹിത്ത് ശർമ്മ പറഞ്ഞു. ഓസീസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് വെല്ലുവിളിയായെന്നും വിക്കറ്റുകൾ വീഴ്ത്തുന്നത് എത്രത്തോളം പ്രധാനമാണെന്നത് കളിയുട ഫലം നിർണയിച്ചുവെന്നും ഹിറ്റ്മാൻ കൂട്ടിച്ചേർത്തു.
2023 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ വിജയതീരമണയിച്ച ട്രാവിസ് ഹെഡ്ഡ് ഇതിന് മുമ്പും ഇന്ത്യക്കാരെ കരയിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് താരം സെഞ്ചുറി നേടി ഇന്ത്യക്കാരെ കരയിച്ചത്. അന്നും ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ട്രാവിസ് ഹെഡ്ഡ് ആയിരുന്നു.
إرسال تعليق