ഡൊമിനിക്കിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം

(www.kl14onlinenews.com)
(02-NOV-2023)

ഡൊമിനിക്കിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം
കൊച്ചി :
കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന് മാനസിക- ശാരീരിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പ്രതിയുടെ മനോനില മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെ വിലയിരുത്താനാണ് പൊലീസ് നീക്കം. ഇനി കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ ഇത് കൂടി പരിഗണിച്ചുള്ള ചോദ്യം ചെയ്യല്‍ രീതി പരീക്ഷിക്കാനാണ് സാധ്യത.

അതേസമയം, പ്രതിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതി ആരുമായൊക്കെ ബന്ധം പുലര്‍ത്തിയെന്ന് പരിശോധിക്കും. സ്‌ഫോടനം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഈ ഫോണില്‍ സ്‌ഫോടനത്തിന്റെ ആസൂത്രണം മുതലുള്ള തെളിവുകളുണ്ടെന്നാണ് വിവരം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ നേരത്തെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി അടക്കം പരിശോധിക്കും.

അതേസമയം പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് അധികം വൈകാതെ നടത്തും. ഇതിനായി അപേക്ഷ പൊലീസ് ഉടന്‍ നല്‍കും. സാക്ഷികളെയടക്കം തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കുകയാണ് അന്വേഷണ സംഘം. ഇതുമായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനാണ് നീക്കം. കേസിലെ സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് നീക്കം

നേരത്തെ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എ.അക്ബര്‍ അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ അദ്ദേഹം തയ്യാറായില്ല. സ്ഫോടനത്തിനായി ഐഇഡി നിർമിച്ചതിന്റെ അവശിഷ്‌ടങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെട്രോൾ സൂക്ഷിച്ച കുപ്പിയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇതിനിടെ സ്‌ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 3 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ 2 പേരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഒരാളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 16 പേരാണു വിവിധ ആശുപത്രികളിലായി ഐസിയുവില്‍ ചികിത്സയിലുള്ളത്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഐസിയുവിലായിരുന്ന പതിനാലുകാരിയെ നില മെച്ചപ്പെട്ടതോടെ വാര്‍ഡിലേക്കു മാറ്റി

നേരത്തെ ഡൊമിനിക്ക് മാർട്ടിനെ അടുത്ത മാസം 29 വരെ റിമാൻഡ് ചെയ്തിരുന്നു. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഉത്തരവ്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പോലീസ് കസ്‌റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ കോടതി റിമാൻഡിൽ വിട്ടത്.

കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ അറിയിച്ചു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. പ്രതി അതീവ ബുദ്ധിശാലിയാണെന്ന് പോലീസ് പറഞ്ഞു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി.

ഞായറാഴ്ച രാവിലെ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന യഹോവ സാക്ഷി പ്രാര്‍ഥനാ യോഗത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഇതുവരെ മൂന്ന് പേർ മരിച്ചു. സംഭവത്തിന് പിന്നാലെ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഐപിസി 302, 307, എക്‌സ്‌പ്ലോസീവ് ആക്ട് 3എ എന്നീ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post