കിവികളെ പറപ്പിച്ചു; ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് ആറാം ജയം, ഇന്ത്യയെ മറികടന്ന് ഒന്നാമത്

(www.kl14onlinenews.com)
(01-NOV-2023)

കിവികളെ പറപ്പിച്ചു; ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് ആറാം ജയം, ഇന്ത്യയെ മറികടന്ന് ഒന്നാമത്
പൂനെ :ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്ക – ന്യൂസീലൻഡ് മത്സരം പൂർത്തിയായതോടെ ഒരു കാര്യം ഉറപ്പ്; പതിവായി കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമാക്കാറുള്ള ഏകദിന ലോകകപ്പ് ഇത്തവണ കൈപ്പിടിയിലൊതുക്കിയിട്ടേ അടങ്ങൂവെന്ന വാശിയിലാണ് ഈ ദക്ഷിണാഫ്രിക്കൻ ടീം! പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരും ബോളർമാരും ഫീൽഡർമാരും ഒരു പോലെ അരങ്ങുവാണ ഏകപക്ഷീയമായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക കുറിച്ചത് 190 റൺസിന്റെ കൂറ്റൻ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 357 റൺസ്. മറുപടി ബാറ്റിങ്ങിൽ തകർന്നടിഞ്ഞ ന്യൂസീലൻഡ് 14.3 ഓവർ ബാക്കിനിൽക്കെ വെറും 167 റൺസിന് എല്ലാവരും പുറത്തായി.

10–ാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സ് – മാറ്റ് ഹെൻറി സഖ്യം കൂട്ടിച്ചേർത്ത 34 റൺസാണ് കിവീസിന്റെ തോൽവിഭാരം കുറച്ചത്. നാലു വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ്, മൂന്നു വിക്കറ്റ് പിഴുത മാർക്കോ ജാൻസൻ എന്നിവർ ചേർന്നാണ് ന്യൂസീലൻഡിനെ തകർത്തത്.

ഇത്തവണ ലോകകപ്പിൽ താരതമ്യേന മികച്ച പ്രകടനവുമായി മുന്നേറുന്ന ന്യൂസീലൻഡിന് ടൂർണമെന്റിലെ മൂന്നാം തോൽവി സമ്മാനിച്ച ദക്ഷിണാഫ്രിക്ക, ഏഴു മത്സരങ്ങളിൽനിന്ന് ആറു വിജയവുമായി 12 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആതിഥേയരായ ഇന്ത്യയ്ക്കും 12 പോയിന്റുണ്ടെങ്കിലും റൺശരാശരിയിൽ മുന്നിലെത്തിയതോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ദക്ഷിണാഫ്രിക്കയേക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ഇന്ത്യയ്ക്ക്, നാളെ ശ്രീലങ്കയ്ക്കെതിരെ കളിയുണ്ട്. ജയിച്ചാൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം.

∙ സമാസമം, പേസും സ്പിന്നും

ഒരിക്കൽക്കൂടി പേസും സ്പിന്നും സമാസമം സംയോജിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക എതിരാളികളെ വീഴ്ത്തിയത്. തോൽവി ഉറപ്പായ ഘട്ടത്തിൽ കണ്ണുംപൂട്ടി തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഗ്ലെൻ ഫിലിപ്സാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട ഫിലിപ്സ് നാലു വീതം സിക്സും ഫോറും സഹിതം 60 റൺസെടുത്ത് പത്താമനായി പുറത്തായി. ദക്ഷിണാഫ്രിക്കയുടെ രണ്ടു ബാറ്റർമാർ സെഞ്ചറിയും ഒരാൾ അർധസെഞ്ചറിയും നേടിയ പിച്ചിലാണ് കിവീസിന്റെ ദയനീയ പ്രകടനം.

ഫിലിപ്സിനു പുറമേ രണ്ടക്കം കണ്ടത് ഡാരിൽ മിച്ചൽ (30 പന്തിൽ നാലു ഫോറുകളോടെ 24), വിൽ യങ് (37 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33) എന്നിവർ മാത്രം. ഡിവോൺ കോൺവേ (ആറു പന്തിൽ രണ്ട്), രചിൻ രവീന്ദ്ര (16 പന്തിൽ ഒൻപത്), ക്യാപ്റ്റൻ ടോം ലാതം (15 പന്തിൽ നാല്), മിച്ചൽ സാന്റ്നർ (18 പന്തിൽ ഏഴ്), ടിം സൗത്തി (11 പന്തിൽ ഏഴ്), ജിമ്മി നീഷം (0), ട്രെന്റ് ബോൾട്ട് (14 പന്തിൽ ഒൻപത്) എന്നിവരെല്ലാം നിരാശപ്പെടുത്തി. മാറ്റ് ഹെൻറി (0) പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് 9 ഓവറിൽ 46 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. മാർക്കോ ജാൻസൻ എട്ട് ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ജെറാൾഡ് കോയെട്സിക്ക് രണ്ടും കഗീസോ റബാദയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

∙ ദക്ഷിണാഫ്രിക്കയ്ക്ക് ‘ഇരട്ട സെഞ്ചറി’

നേരത്തേ, ടൂർണമെന്റിലെ നാലാം സെഞ്ചറി നേടിയ ക്വിന്റൻ ഡികോക്കിന്റേയും (116 പന്തിൽ 114), രണ്ടാം സെഞ്ചറി കണ്ടെത്തിയ റസ്സീ വാൻഡർ ദസ്സന്റേയും (118 പന്തിൽ 133) മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ 38ൽ നിൽക്കേ നായകൻ ടെംബ ബവുമയുടെ (28 പന്തിൽ 24) വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഡികോക്കും വാൻഡർ ദസ്സനും മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 200 റൺസാണ് പ്രോട്ടീസ് ഇന്നിങ്സിൽ കൂട്ടിച്ചേർത്തത്. 40–ാം ഓവറിൽ ഡികോക്കിനെ പുറത്താക്കി ടിം സൗത്തിയാണ് ഈ കുട്ടുകെട്ട് തകർത്തത്.

116 പന്തു നേരിട്ട ഡികോക്ക് 3 സിക്സിന്റേയും 10 ഫോറിന്റേയും അകമ്പടിയോടെയാണ് 114 റൺസ് നേടിയത്. നാലാമനായിറങ്ങിയ ഡേവിഡ് മില്ലർക്കൊപ്പം വാൻഡർ ദസ്സൻ ടീം സ്കോർ 300 കടത്തി. 48–ാം ഓവറിൽ സ്കോർ 316–ൽ നിൽക്കേ വാൻഡർ ദസ്സൻ പുറത്തായി. 118 പന്തുകൾ നേരിട്ട താരം 5 സിക്സും 9 ഫോറും ഉൾപ്പെടെയാണ് 133 റൺസ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിൽ വെടിക്കെട്ടു ബാറ്റിങ്ങുമായി കളംനിറഞ്ഞ മില്ലറുടെ മികവിൽ സ്കോർ 350 കടന്നു.

30 പന്തിൽ 53 റൺസ് നേടിയ മില്ലർ ഇന്നിങ്സ് അവസാനിക്കാൻ ഒരു പന്തുമാത്രം ശേഷിക്കേ പുറത്തായി. അവസാന പന്തിനായി ക്രീസിലെത്തിയ എയ്ഡൻ മാര്‍ക്രം (1 പന്തിൽ 6*) സിക്സർ പറത്തി ഇന്നിങ്സ് അവസാനിപ്പിച്ചു. ഹെയ്ൻറിച്ച് ക്ലാസൻ 7 പന്തിൽ 15 റൺസുമായി പുറത്താകാതെനിന്നു. ന്യൂസീലൻഡിനായി ടിം സൗത്തി 2 വിക്കറ്റു നേടി. ട്രെന്റ് ബോൾട്ട്, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.

∙ കടപുഴകി റെക്കോർഡുകൾ

∙ ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന വിക്കറ്റ് കീപ്പർ

22 - ക്വിന്റൻ ഡികോക്ക്
19 - ആദം ഗിൽക്രിസ്റ്റ്
15 - മാർക്ക് ബൗച്ചർ
15 - മഹേന്ദ്ര സിങ് ധോണി

∙ ഒരു ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ

545 - ക്വിന്റൻ ഡികോക്ക് (2023)*
541 - കുമാർ സംഗക്കാര (2015)
465 - കുമാർ സംഗക്കാര (2011)
453 - ആദം ഗിൽക്രിസ്റ്റ് (2007)

∙ ഏകദിനത്തിൽ കിവീസിനെതിരെ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഉയർന്ന സ്കോർ

169* - ഡേവ് കല്ലഗാൻ, സെഞ്ചൂറിയൻ, 1994
143 - ഹെർഷേൽ ഗിബ്സ്, ജോഹാനാസ്ബർഗ് 2003
133 - റാസ്സി വാൻഡർ ദസ്സൻ, പുണെ, ഇന്ന്

∙ ന്യൂസീലൻഡിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഉയർന്ന ഏകദിന സ്കോറുകൾ

357/4 – പുണെ, 2023*
324/4 – സെഞ്ചൂറിയൻ, 2000
314/7 – സെഞ്ചൂറിയൻ, 1994
306/6 – ജൊഹാനാസ്ബർഗ്, 2003

∙ ഒരു ലോകകപ്പിൽ കൂടുതൽ സിക്സർ നേടുന്ന ടീം

82 - ദക്ഷിണാഫ്രിക്ക, 2023*
76 - ഇംഗ്ലണ്ട്, 2019
68 - വെസ്റ്റിൻഡീസ്, 2015
67 - ഓസ്ട്രേലിയ, 2007

∙ ലോകകപ്പിൽ കൂടുതൽ 350+ സ്കോറുകൾ

9 - ഓസ്ട്രേലിയ
9 - ദക്ഷിണാഫ്രിക്ക
4 - ഇന്ത്യ.

Post a Comment

Previous Post Next Post