(www.kl14onlinenews.com)
(17-NOV-2023)
മറക്കാനാവുമോ 2003ലെ തോല്‍വി?; 1992ലെ ത്രില്ലര്‍?; ഓസ്ട്രേലിയ ഇന്ത്യയുടെ ഹൃദയം തകര്‍ത്ത നിമിഷങ്ങള്‍
അഹമ്മദാബാദ് :
മൂന്നാം വട്ടം ഓസ്ട്രേലിയ 2003ല്‍ ലോക കിരീടം ഉയര്‍ത്തിയപ്പോള്‍ മറുവശത്ത് ഹൃദയം തകര്‍ന്നൊരു സംഘം നില്‍ക്കുന്നുണ്ടായിരുന്നു. ഗാംഗുലിയും കൂട്ടരും കിരീടം ചൂടുന്നത് കാണാന്‍ കാത്തിരുന്നവരുടെ ഹൃദയം തകര്‍ത്താണ് 2003 ലോകകപ്പ് ഫൈനലില്‍ റിക്കി പോണ്ടിങ്ങിന്റെ ഓസീസ് ജയിച്ചു കയറിയത്. അഹമ്മദാബാദില്‍ ആ കണക്ക് വീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്‍പില്‍. എന്നാല്‍ ലോകകപ്പില്‍ 13 വട്ടം നേര്‍ക്കുനേര്‍ വന്നപ്പോള്‍ 8 വട്ടവും ജയം പിടിച്ചത് ഓസ്ട്രേലിയയാണ്. 2003 ലോകകപ്പ് ഫൈനലില്‍ മാത്രമല്ല, ലോകകപ്പില്‍ ഓസീസ് പട ഇന്ത്യയുടെ ഹൃദയം തകര്‍ത്ത നിമിഷങ്ങള്‍...
1992ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ത്രില്ലര്‍
ഡീന്‍ ജോന്‍സിന്റേയും ഡേവിഡ് ബൂണിന്റേയും കൂട്ടുകെട്ടിന്റെ ബലത്തില്‍ 237 റണ്‍സ് ആണ് ഓസ്ട്രേലിയ ഇന്ത്യക്ക് മുന്‍പില്‍ വെച്ചത്. 93 റണ്‍സോടെ അസ്ഹറുദ്ദീന്‍ ഇന്ത്യക്കായി പൊരുതി. അവസാന ഓവറില്‍ 13 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയത്. കിരണ്‍ മോറെ തുടരെ രണ്ട് വട്ടം ബൗണ്ടറി നേടി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ മോറെയുടെ വിക്കറ്റ് വീണതോടെ പിന്നെ വന്ന മൂന്ന് പന്തില്‍ നിന്ന് ഇന്ത്യക്ക് നേടാനായത് മൂന്ന് റണ്‍സ്. ഒരു റണ്ണിന്റെ തോല്‍വി.
2015 ലോകകപ്പ് സെമിയിലെ മുട്ടുമടക്കല്‍
നിലവിലെ ചാമ്പ്യന്മാര്‍ ഒരിക്കല്‍ കൂടി ലോകകപ്പ് കലാശപ്പോരിലേക്ക് എത്തുമെന്ന് തോന്നിച്ചാണ് ധോണിയും സംഘവും ഓസ്ട്രേലിയ വേദിയായ ലോകകപ്പില്‍ കളിച്ചത്. എന്നാല്‍ ഇന്ത്യയുടെ പോരാട്ടം ഓസ്ട്രേലിയ സെമിയില്‍ അവസാനിപ്പിച്ചു. 329 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 233ന് ഓള്‍ഔട്ട്.
വേട്ടയാടിക്കൊണ്ടിരുന്ന 2003ലെ ഫൈനല്‍
ഇന്ത്യന്‍ ടീമിനേയും ആരാധകരേയും വര്‍ഷങ്ങളോളം വേട്ടയാടിയതായിരുന്നു 2003 ലോകകപ്പ് ഫൈനലിലെ തോല്‍വി. സെഞ്ചുറിയോടെ റിക്കി പോണ്ടിങ് ടീമിനെ മുന്‍പില്‍ നിന്ന് നയിച്ച കളിയില്‍ 360 റണ്‍സ് ആണ് ഇന്ത്യക്ക് മുന്‍പില്‍ വിജയ ലക്ഷ്യമായി എത്തിയത്. എന്നാല്‍ ഗാംഗുലിയും സംഘവം 125 റണ്‍സ് തോല്‍വിയിലേക്ക് വീണു.
തുടരെ 8 ജയം 6–ാം കിരീടത്തിൽ കണ്ണുവച്ച് ഓസീസ്
ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്‍പുതന്നെ ഇത്തവണത്തെ ഫൈനലിസ്റ്റുകളാൻ സാധ്യതയുള്ള ടീമുകളിൽ ഒന്ന് ഓസ്ട്രേലിയ ആയിരുന്നു. ഒരുകാലത്ത് ക്രിക്കറ്റ് ലോകം അടക്കിവാണിരുന്ന ‘മൈറ്റി ഓസീസ്’ അല്ലെങ്കിലും പ്രതിഭാധനരായ കളിക്കാർ ധാരാളമുള്ള ടീമാണ് ഇന്നും ഓസ്ട്രേലിയ. അവസാന ഇലവനിലെ ഓരോ കളിക്കാരനും മികച്ചപ്രകടനം പുറത്തെടുക്കുമ്പോൾ എതിരാളികള്‍ ആരായിരുന്നാലും കീഴടക്കാമെന്നുള്ള ആത്മധൈര്യവുമായാണ് ഓസീസ് മുന്നേറുന്നത്. ഇത്തവണ തുടക്കത്തിൽ രണ്ട് മത്സരങ്ങളിലേറ്റ പരാജയത്തിൽനിന്ന് എളുപ്പത്തിൽ കരകയറിയ ഓസ്ട്രേലിയ പിന്നീടുള്ള ഏഴ് മത്സരങ്ങളും ജയിച്ചാണ് സെമി ബര്‍ത്ത് ഉറപ്പിച്ചത്.
ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ന്‍, ഗ്ലെൻ മാക്സ്‌വെൽ എന്നിവരടങ്ങുന്ന ബാറ്റിങ് നിര എതിർ ടീമിലെ ബോളിങ് കരുത്തിനെ നിഷ്പ്രഭമാക്കാൻ കരുത്തുള്ളവരാണ്. അവശ്യഘട്ടത്തിൽ വാലറ്റത്ത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും പോലും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കുന്ന അവസരങ്ങളും ഇത്തവണയുണ്ടായി. കമ്മിൻസിനും സ്റ്റാർക്കിനും പുറമെ ആദം സാംപയും ജോഷ് ഹെയ്സൽവുഡും ഉൾപ്പെടുന്ന ബോളിങ് നിരയും ശക്തമാണ്. ടൂർണമെന്റിലുടനീളം മികച്ച ടീം പെർഫോമൻസ് തന്നെയാണ് ഓസീസ് ഇതുവരെ കാഴ്ചവച്ചതും.
∙ ഇന്ത്യയോട് തോറ്റ് തുടക്കം
ആതിഥേയരായ ഇന്ത്യയുമായാണ് ഓസീസ് ലോകകപ്പിൽ ആദ്യം ഏറ്റുട്ടിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 199ന് പുറത്തായി. രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ആർ.അശ്വിനും ചേർന്ന സ്പിൻ ത്രയമാണ് ഓസീസിനെ വെള്ളംകുടിപ്പിച്ചത്. ജഡേജ മൂന്നും കുൽദീപ് രണ്ടും അശ്വൻ ഒരു വിക്കറ്റും വീഴ്ത്തി. 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തായിരുന്നു അവരുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ കെ.എൽ.രാഹുൽ (97*), വിരാട് കോലി (85) എന്നിവരുടെ ഉജ്ജ്വല ബാറ്റിങ്ങിലൂടെ 42–ാം ഓവറില്‍ ഇന്ത്യ ജയം സ്വന്തമാക്കി. 6 വിക്കറ്റിനായിരുന്നു ഓസീസിന്റെ തോൽവി.
∙രണ്ടാം തോൽവി പ്രോട്ടീസിനോട്
ഒക്ടോബർ 12ന് ലക്നൗവിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 134 റൺസിന്റെ വൻ തോൽവിയാണ് ഓസീസ് വഴങ്ങിയത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറിയുടെ ബലത്തിൽ 311 റൺസ് നേടിയപ്പോൾ ഓസീസിന്റെ മറുപടി 177 റൺസിൽ അവസാനിച്ചു. 46 റൺസ് നേടിയ മാർനസ് ലബുഷെയ്നായിരുന്നു അവരുടെ ടോപ് സ്കോറർ. ഈ തോൽവിയോടെ ഓസ്ട്രേലിയയുെട സെമി പ്രവേശം എളുപ്പമാവില്ലെന്ന വിലയിരുത്തലുകളും ശക്തമായി.
∙ലങ്കയോട് ജയിച്ച് തിരിച്ചുവരവ്
ലക്നൗവിൽത്തന്നെ ശ്രീലങ്കയെ തകർത്താണ് ഓസീസ് ആദ്യ ജയം ആഘോഷിച്ചത്. ആദ്യം ബാറ്റു ചെയ്ത ലങ്കയെ മിച്ചൽ സ്റ്റാർക്കിന്‍റെ മികവിൽ 209 റൺസിന് ഓസീസ് പുറത്താക്കി. ഓപ്പണർമാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ ലങ്ക തകർന്നടിഞ്ഞു. 36–ാം ഓവറില്‍ ലക്ഷ്യംകണ്ട ഓസ്ട്രേലിയ അഞ്ചു വിക്കറ്റിനാണ് ജയിച്ചത്. മിച്ചൽ മാർഷും ജോഷ് ഇംഗ്ലിസും അവർക്കു വേണ്ടി അർധ സെഞ്ചറി കണ്ടെത്തി.
∙പാക്കിസ്ഥാനെ തകർത്ത് മുന്നേറ്റം
ഒക്ടോബർ 20ന് ബെംഗളൂരുവിൽ നടന്ന മത്സരത്തിൽ ഓസീസിനോട് തോൽക്കാനുള്ള അവസരം പാക്കിസ്ഥാനായിരുന്നു. വാർണറും മിച്ചൽ മാർഷും സെഞ്ചറിയുമായി കളംനിറഞ്ഞ മത്സരത്തിൽ 62 റൺസിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 367 റൺസ് അടിച്ചുകൂട്ടിയപ്പോൾ പാക്കിസ്ഥാന്‍ 305ന് പുറത്തായി. ആദം സാംപ ഓസീസിനായി നാലു വിക്കറ്റും സ്വന്തമാക്കി.
∙നെതർലൻഡ്സിനെതിരെ കൂറ്റന്‍ ജയം.
ടൂര്‍ണമെന്റിലെ ദുർബലരായ നെതർലൻഡിസിനെ നിഷ്കരുണം തകർത്താണ് ഓസീസ് അതുവരെയുള്ള ക്ഷീണമകറ്റിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 399 റൺസ് അടിച്ചുകൂട്ടിയപ്പോൾ നെതർലൻഡ്സിന്റെ മറുപടി 90 റൺസിൽ ഒതുങ്ങി. 309 റൺസിന്റെ പടുകൂറ്റന്‍ ജയത്തോടെ റൺറേറ്റ് ഉയർത്താനും അവർക്കായി. ഓപ്പണർ ഡേവിഡ് വാർണറും മധ്യനിരയിൽ ഗ്ലെൻ മാക്സ്‌വെലും ഓസീസിനായി സെഞ്ചറി കണ്ടെത്തി. 40 പന്തിൽ സെഞ്ചറി കണ്ടെത്തിയ മാക്സ്‌വെൽ ലോകകപ്പിലെ അതിവേഗ സെഞ്ചറിക്കുള്ള റെക്കോർഡും സ്വന്തം പേരിലാക്കി.
∙ന്യൂസീലൻസിനെതിരെ 5 വിക്കറ്റ് ജയം
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസീലൻഡിനെ ഇഞ്ചോടിഞ്ച് മത്സരത്തിലാണ് ഓസീസ് തോൽപ്പിച്ചത്. ഓസീസ് ഉയർത്തിയ 389 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്റെ പോരാട്ടം 383 റൺസിൽ അവസാനിച്ചു. ഓസീസിനായി ട്രാവിസ് ഹെഡും മറുപടി ഇന്നിങ്സിൽ ന്യൂസീലൻഡിനായി രചിൻ രവീന്ദ്രയും സെഞ്ചറി നേടി. ഈ ജയം മുന്നോട്ടുള്ള കുതിപ്പിന് ഓസീസിന് ആത്മവിശ്വാസം പകർന്നു.
.ലോക ചാംപ്യൻമാരെ തോൽപിച്ച് മുന്നേറ്റം
നിലവിലെ ലോക ചാംപ്യൻമാരായ ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിലായിരുന്നു ഓസ്ട്രേലിയയുെട അടുത്ത മത്സരം. ഇരു ടീമുകളിലേയും ബോളർമാർ മികച്ച പ്രകടനം പുറത്തെടുത്ത മത്സരമായിരുന്നു ഇത്. ആദ്യം ബാറ്റു ചെയ്ത ഓസീസ് 286 റൺസെടുത്ത് പുറത്തായപ്പോൾ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 253ൽ അവസാനിച്ചു. ഇംഗ്ലണ്ട് ബോളിങ് നിരയിൽ ക്രിസ് വോക്സ് 4 വിക്കറ്റുമായി തിളങ്ങിയപ്പോൾ ഓസീസിന്റെ സാംപയായിരുന്നു താരം. 10 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റാണ് സാംപ പിഴുതത്. പേസ് ത്രയങ്ങളായ സ്റ്റാര്‍ക്കും ഹെയ്സൽവുഡും കമ്മിൻസും രണ്ട് വിക്കറ്റുവീതം വീഴ്ത്തി.
∙അട്ടിമറി വീരന്മാര്‍ക്കെതിരെ 3 വിക്കറ്റ് ജയം
ടൂര്‍ണമെന്റിലെ അട്ടിമറി വീരന്മാരായ അഫ്ഗാനിസ്ഥാനെതിരെ പാടുപെട്ടാണ് ഓസ്ട്രേലിയ ജയിച്ചത്. അഫ്ഗാൻ ബോളർമാര്‍ക്കു മുന്നിൽ ഓസീസിന്റെ മുന്‍നിര ബാറ്റർമാർ തകർന്നടിഞ്ഞു. ഇരട്ട സെഞ്ചറി നേടിയ മാക്സ്‌വെലിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഓസീസ് 3 വിക്കറ്റിന് ജയിച്ചു. മികച്ച പിന്തുണയുമായി ക്രീസിലുറച്ചുനിന്ന ക്യാപ്റ്റന്‍ പാറ്റ് കമിൻസും ഓസീസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മറുപടി ബാറ്റിങ്ങിൽ ഓസീസ് നേടിയ 293 റൺസിൽ 201ഉം മാക്സ്‌വെലിന്റെ സംഭാവനയാണ്.
.ബംഗ്ലദേശിനെ തകർത്ത് സെമിയിൽ
പുണെയിലെ ബാറ്റിങ് പിച്ചിൽ ഓസീസിനെതിരെ ചെറുതല്ലാത്ത സ്കോർ അടിച്ചുകൂട്ടാൻ ബംഗ്ലാ ബാറ്റർമാർക്കായി. 8 വിക്കറ്റു നഷ്ടത്തിൽ 306 റൺസാണ് അവർ ഓസീസിനെതിരെ നേടിയത്. എന്നാൽ മിച്ചൽ മാർഷിന്റെ തകര്‍പ്പൻ സെഞ്ചറിയുടെ ബലത്തിൽ ബംഗ്ലദേശിനെ 8 വിക്കറ്റിന് തകർത്താണ് ഓസ്ട്രേലിയ സെമി ബർത്ത് ഉറപ്പാക്കിയത്. ഓസീസ് ബാറ്റർമാരുടെ തകർപ്പനടികൾക്കു മുന്നിൽ കാഴ്ചക്കാരായി നിൽക്കാനേ ബംഗ്ലാ ബോളർമാര്‍ക്കു കഴിഞ്ഞുള്ളൂ.
∙
ദക്ഷിണാഫ്രിക്കയ്ക്ക് ഷോക്ക് നൽകി ഫൈനലിലേക്ക്
ലോകകപ്പ് സെമിഫൈനലിൽ അഞ്ചാം തവണയും പ്രോട്ടീസിന് തോൽവി സമ്മാനിച്ചാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് പ്രവേശിച്ചത്. ബോളർമാർ അരങ്ങുവാണ ഈഡൻ ഗാർഡനിൽ ഓസീസിനെ വിറപ്പിച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. ഇരു ടീമിലേയും മുൻനിര ബാറ്റർമാര്‍ പരാജയപ്പെട്ടപ്പോൾ ഡേവിഡ് മില്ലറുടെ സെഞ്ചറി പ്രകടനം വേറിട്ടതായി. എട്ടാം വിക്കറ്റിൽ വാലറ്റത്ത് പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ചേര്‍ന്നാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. അർധ സെഞ്ചറിയും രണ്ട് വിക്കറ്റും നേടിയ ട്രാവിസ് ഹെഡ് കളിയിലെ താരമായി.
ഓസീസ് വന്ന വഴിയിൽ ഒരുകാര്യം വ്യക്തം. ഫൈനലിൽ ജയമുറപ്പാക്കാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ അരയും തലയും മുറുക്കി ഇറങ്ങേണ്ടിവരും. ആദ്യ മത്സരത്തിൽ ജയിക്കാനായെങ്കിലും മൂന്ന് മുൻനിര ബാറ്റർമാരെ ഓസീസ് ബോളർമാർ അക്കൗണ്ട് തുറക്കാനാകാതെ പറഞ്ഞുവിട്ടത് ടീം ഇന്ത്യ മറക്കാനിടയില്ല. അതിനാൽത്തന്നെ കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത്തും ഓസീസിനെ വീഴ്ത്താനുള്ള തന്ത്രം തയ്യാറാക്കുന്ന തിരക്കിലാവും. മറുഭാഗത്ത് ഇതുവരെ അഞ്ച് ലോകകപ്പ് സ്വന്തമാക്കിയ ഓസീസ്, 2003ലെ ഫൈനൽ ആവർത്തിച്ച് തങ്ങളുടെ കിരീടനേട്ടം ആറാക്കി ഉയർത്താനുള്ള പദ്ധതികളും അണിയറയിൽ ഒരുക്കുന്നുണ്ട്.
Post a Comment