ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം; ചെറുത്തുനില്‍പ് തുടര്‍ന്ന് ഹമാസ്, 20 ലക്ഷം പേർക്ക് കുടിവെള്ളമില്ലെന്ന് യുഎൻ

(www.kl14onlinenews.com)
(03-NOV-2023)

ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം; ചെറുത്തുനില്‍പ് തുടര്‍ന്ന് ഹമാസ്, 20 ലക്ഷം പേർക്ക് കുടിവെള്ളമില്ലെന്ന് യുഎൻ
ഗാസ സിറ്റി: ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ. ​​ഗാസ സിറ്റി ഇസ്രയേൽ സൈന്യം വളഞ്ഞു. ഗാസയിൽ 20ലക്ഷം പേർക്ക് കുടിവെള്ളമില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഐക്യരാഷ്ട്രസഭ പുറത്തുവിടുന്നത്. യുദ്ധം കൂടുതൽ വഷളാകുന്നതോടെ അടിയന്തര വെടിനിർത്തലിന് സമ്മർദ്ദം ശക്തമാക്കാൻ അമേരിക്കയുൾപ്പെടെ ലോകരാജ്യങ്ങൾ ശ്രമം ആരംഭിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലെത്തും. യുദ്ധം തുടർന്നാൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് അറബ് രാജ്യങ്ങളുടെ തീരുമാനം

ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം. ജനനിബിഡമായ നഗരത്തിന്‍റെ ഹൃദയഭാഗത്തേക്ക് സൈന്യം അടുക്കുന്നതോടെ മരണസംഖ്യ കുതിച്ചുയര്‍ന്നേക്കാം. ഗറില യുദ്ധമുറകളിലൂടെ ചെറുത്തുനില്‍പ് തുടരുകയാണ് ഹമാസ്. ഭൂഗര്‍ഭ തുരങ്കങ്ങളിലും വീടുകളിലും ഒളിച്ചിരുന്നതാണ് പ്രതിരോധം. ബുറേജി അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണം 20 ആയി. യുദ്ധത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 9000 കടന്നു. ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യസംഘടന. ആയിരത്തിലേറെ ഡയാലിസിസ് രോഗികള്‍ ദുരിതത്തിലാണ്. മാസംതികയാതെ ജനിച്ച 130 നവജാത ശിശുക്കളുടെ ജീവനും അപകടത്തില്‍. ഗാസ സിറ്റിയിലെ വലിയ ആശുപത്രിയുടെ പ്രവര്‍ത്തനവും മണിക്കൂറുകള്‍ക്കകം നിലയ്ക്കും. ഇന്ധനം തീരുന്നതിനാല്‍ വൈദ്യുതി മുടങ്ങുന്നതാണ് കാരണം


ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഇതുവരെ 9061 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23000 ലധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിൽ 3600ൽ അധികവും കുട്ടികളാണ്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇവിടെ ഭക്ഷണവും വെള്ളവും ഇന്ധനവും തുടങ്ങിയ അവശ്യ വസ്തുക്കളിൽ ക്ഷാമം നേരിടുകയാണ്. ഇതുവരെ 242 പേരാണ് ഗാസയിൽ ബന്ദികളാക്കപ്പെട്ടതെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു.

ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്‌റൈൻ വിച്ഛേദിച്ചിരിക്കുകയാണ്. ബഹ്റൈൻ അംബാസിഡറെ തിരിച്ചു വിളിച്ചിരിക്കുകയാണ്. എന്നാൽ ബഹ്റൈനിൽ നിന്ന് അത്തരമൊരു പ്രഖ്യാപനവും ലഭിച്ചിട്ടില്ലെന്നും രാജ്യവുമായി നല്ല ബന്ധമാണെന്നുമാണ് ഇസ്രയേൽ വക്താക്കൾ പറയുന്നത്. ഗാസയിൽ 20 ലക്ഷം ആളുകൾ കുടിവെളളമില്ലാത്ത അവസ്ഥയിലാണെന്ന് യുഎൻ അറിയിച്ചു. ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്നും യുഎൻ അറിയിച്ചു. ഓരോ 10 മിനുട്ടിലും ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നുവെന്നാണ് ​​ഗാസയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.

ബന്ദികളെ തേടി ഗാസയ്ക്ക് മുകളിലൂടെ യുഎസ് ഡ്രോണുകള്‍

ഹമാസ് ബന്ദികളാക്കിയവരെ തേടി ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകള്‍ പറത്തി അമേരിക്ക. ഒക്ടോബര്‍ 7 ന് ഇസ്രായേലിനെ ആക്രമിച്ച് ഹമാസ് ബന്ദികളാക്കിയവരെ തേടിയാണ് പരിശോധന. 200ല്‍ അധികം വരുന്ന ബന്ദികളില്‍ പത്തോളം പേര്‍ തങ്ങളുടെ പൗരന്മാരാണെന്നാണ് അമേരിക്കയുടെ വാദം. ഇവരെയെല്ലാം ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയില്‍ തടവിലാക്കിയിരിക്കുകയാണ്.

ബന്ദികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ സഹായിക്കുന്നതിനായാണ് ഗാസയ്ക്ക് മുകളിലൂടെ രഹസ്യാന്വേഷണ ഡ്രോണുകള്‍ പറത്തുന്നതെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഒരാഴ്ചയിലേറെയായി ഡ്രോണ്‍ വിമാനങ്ങള്‍ പറത്തുന്നുണ്ടെന്നാണ് അവകാശവാദം. ഇതിനിടെ ഹമാസിനെതിരായ ആക്രമണത്തില്‍ ഒരു പടി കൂടി കടന്ന് ഇസ്രായേല്‍ സൈന്യം ഗാസ മുനമ്പിലെ പ്രധാന നഗരം വളഞ്ഞു. ഗാസയുടെ വടക്ക് ഭാഗത്തുള്ള നഗരം ഇസ്രായേലിന്റെ ആക്രമണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അതിനാല്‍ സാധാരണക്കാര്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന നിര്‍ദ്ദേശം ഇസ്രായേല്‍ നല്‍കിയിരുന്നു.

Post a Comment

أحدث أقدم