കളമശേരി സ്ഫോടനം:പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

(www.kl14onlinenews.com)
(30-Oct-2023)

കളമശേരി സ്ഫോടനം:പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി :കളമശേരി സ്ഫോടനക്കേസില്‍ ഡൊമിനിക്ക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യു.എ.പി.എ, കൊലപാതകം, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി. കളമശ്ശേരി സ്ഫോടനത്തിൽ ഡൊമിനിക് മാർട്ടിനപ്പുറത്തേക്ക് കണ്ണികളില്ലെന്ന് ഉറപ്പിക്കാൻ സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ വിപുലമായ അന്വേഷണം. മാർട്ടിന്റെ പ്രവാസി ജീവിതകാലയളവിലെ സൂക്ഷ്മ വിവരങ്ങൾ അടക്കം ശേഖരിച്ചാണ് അന്വേഷണം. സംസ്ഥാന പൊലീസിന് പുറമെ എൻഎസ്ജി സംഘവും സ്ഫോടനം നടന്ന സ്ഥലം വിശദമായി പരിശോധിച്ച് തെളിവ് ശേഖരിച്ചു.

കുറ്റം ഏറ്റുപറഞ്ഞ് തെളിവുകളെല്ലാം ഹാജരാക്കിയെങ്കിലും ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതിയെന്ന് ഉറപ്പിക്കാൻ അന്വേഷണം സംഘങ്ങൾക്ക് കടമ്പകൾ ഏറെയുണ്ട്. സ്ഫോടനതിന് തിരഞ്ഞെടുത്ത രീതി തന്നെയാണ് ആഴത്തിലുള്ള പരിശോധനക്ക് കേന്ദ്ര ഏജൻസികളെ അടക്കം പ്രേരിപ്പിക്കുന്നത്. ഐഇഡി സ്ഫോടനം ഭീകര സംഘടനകൾ അവലംബിച്ച് വരുന്ന രീതിയാണ്. സാധാരണക്കാരനായ ഒരാൾ അത് ചെയ്തു എന്ന് പറയുമ്പോൾ ഒരുപാട് സംശയങ്ങൾക്ക് അന്വേഷണ സംഘം ഉത്തരം കണ്ടെത്തണം. തീവ്രസ്വഭാവമുള്ള മാറ്റ് സംഘടനകളുടെ പങ്ക് സ്ഫോടനത്തിന് ഇല്ലെന്ന് ഉറപ്പിക്കാനുള്ള തെളിവുകളാണ് അന്വേഷണ ഏജൻസികൾ സമാഹരിക്കുന്നത്. വിദേശത്തായിരിക്കെയോ പിന്നീടോ അത്തരം ആരെങ്കിലുമായി ഡൊമിനിക്കിന് ബന്ധം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ പരിധിയിലുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ സമൂഹ മാധ്യമ അക്വൗണ്ടുകൾ അടക്കം വിശദപരിശോധനക്ക് വിധേയമാക്കി. ഇയാളുടെ ബന്ധുക്കൾ സുഹൃത്തുക്കൾ അടക്കമുള്ളവരും നിരീക്ഷണത്തിലാണ്. ആക്രമത്തിന് പിന്നിൽ മാറ്റേതെങ്കിലും കാരണമുണ്ടോ എന്നും അന്വേഷണ ഏജൻസികൾ ഇഴകീറി പരിശോധിക്കുകയാണ്. ഇക്കാര്യങ്ങൾ അടഞ്ഞഅധ്യായമല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയും ചെയ്തു.

എൻഎസ്ജി, എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ പരിശോധന കേസിൽ ഏറെ നിർണായകമാണ്. നൂതന സംവിധാനങ്ങൾ ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ എട്ടംഗ എൻഎസ്ജി സ്ഫോടനം നടന്ന ഹാളിൽ പരിശോധന നടത്തി. പ്രത്യേക പരിശീലനം ലഭിച്ച രണ്ട് നായകളെയും പരിശോധനക്കെത്തിച്ചു. ഉച്ചയോടെ പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് കൺവെൻഷനിൽ പങ്കെടുത്തവരുടെ വാഹനങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകിയത്. സമ്മേളനത്തിന് എത്തിയവരുടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇവിടെ പിടിച്ചിട്ടത്. കേസിൽ കേന്ദ്രഏജൻസികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും പൊലീസിന്റെ തുടർനടപടികൾ.

അതേസമയം,
കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഒക്ടോബർ 29നാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആസൂത്രണം തന്റേത് മാത്രമെന്ന് ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണ്. പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി പറഞ്ഞു.

സ്ഫോടനം നടക്കവെ ഡൊമിനിക് മാർ‌ട്ടിന്റെ ഭാര്യമാതാവും സഹോദര ഭാര്യയും കൺവൻഷൻ സെന്ററിലുണ്ടായിരുന്നുവെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഡൊമിനിക് മാർട്ടിന്റെ ഭാര്യ മിനിയുടെ മൊഴിയിലാണ് ഇക്കാര്യമുളളത്. കൊച്ചി എളംകുളം സ്വദേശിയാണ് ഡൊമിനിക് മാർട്ടിൻ. താനാണ് സ്ഫോടനം നടത്തിയതെന്ന് അറിയിച്ച് ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിവസമാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ മൂന്നുപേർ ഇതുവരെ മരിച്ചു.

Post a Comment

Previous Post Next Post