സൗദി കിരീടാവകാശിയുടെ സന്ദർശനം; ഇന്ത്യയും സൗദിയും 8 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു

(www.kl14onlinenews.com)
(12-Sep-2023)

സൗദി കിരീടാവകാശിയുടെ സന്ദർശനം; ഇന്ത്യയും സൗദിയും 8 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു
ഡൽഹി : സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ സന്ദർശനത്തിൽ ഇന്ത്യയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. സൗദി കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനത്തിനിടെ എട്ട് കരാറുകളിൽ ഒപ്പുവച്ചതായാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചുത്. സൗദി കിരീടാവകാശിയുടെ സന്ദർശനത്തെ കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഔസാഫ് സയീദാണ് ഇക്കാര്യം അറിയിച്ചത്. മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനത്തിനിടെ സൗദിയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെക്കാനായത് രാജ്യത്തിന് വലിയ സന്തോഷം പകരുന്ന കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വിവരിച്ചു.

ഊർജം, പുനരുപയോഗ ഊർജം, ഡിജിറ്റലൈസേഷൻ, ഇലക്‌ട്രോണിക് നിർമ്മാണ മേഖല, ഇന്ത്യയുടെ സെൻട്രൽ വിജിലൻസ് കമ്മീഷനും സൗദി അഴിമതി വിരുദ്ധ സേനയും തമ്മിലുള്ള സഹകരണം തുടങ്ങിയവയടക്കമുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവച്ചത്. പുനരുപയോഗ ഊർജം സംബന്ധിച്ച കരാറടക്കം ഒപ്പിടാനായത് സന്തോഷകരമാണെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി.

ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നയതന്ത്ര ചർച്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക കറൻസികളിൽ വിനിമയം നടത്തുന്നതിനുള്ള സാധ്യതകളും മോദി- മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇന്ത്യ – സൗദി ബന്ധം ആ​ഗോള സ്ഥിരതയ്ക്കും ക്ഷേമത്തിനും നിർണായകമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പ്രധാനമന്ത്രി മോദിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post