(www.kl14onlinenews.com)
(02-Sep-2023)
ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 440 സീറ്റില്‍ ബിജെപിക്കെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ‘ഇന്ത്യ’ മുന്നണിയുടെ നീക്കം. ഇതില്‍ പരമാവധി സ്ഥാനാര്‍ഥികളെ അടുത്തമാസം അവസാനത്തോടെ തന്നെ തീരുമാനിക്കാനും ഇവിടെ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.
ബിജെപി ഭരണപക്ഷമോ മുഖ്യ പ്രതിപക്ഷമോ ആയ സംസ്ഥാനങ്ങളിലാകും ‘ഇന്ത്യ’ മുന്നണി പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുക. അങ്ങനെയല്ലാത്ത കേരളത്തിലും പഞ്ചാബിലും പൊതുസ്ഥാനാര്‍ഥികളുണ്ടാകില്ല. ബംഗാളില്‍ തങ്ങളുടെ ആളുകളെ പൊതുസ്ഥാനാര്‍ഥികളാക്കണമെന്ന തൃണമൂലിന്റെ ആവശ്യത്തിനു കോണ്‍ഗ്രസ് അനുകൂലമാണെങ്കിലും സിപിഎം അംഗീകരിച്ചിട്ടില്ല. ഇവയടക്കം വിവിധ സംസ്ഥാനങ്ങളിലായി നൂറോളം സീറ്റുകളില്‍ പൊതുസ്ഥാനാര്‍ഥികളുണ്ടായേക്കില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സീറ്റ് പങ്കിടുന്നതില്‍ കോണ്‍ഗ്രസിനു കടുംപിടിത്തമുണ്ടാകില്ല. സംസ്ഥാനതല സീറ്റ് ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കും.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനും പ്രതിപക്ഷ കക്ഷികളെ ഒറ്റക്കെട്ടായി നിര്‍ത്താനും ലക്ഷ്യമിട്ടുള്ള 5 സമിതികള്‍ക്ക് മുന്നണി രൂപം നല്‍കി. പ്രതിപക്ഷത്തെ ഏകോപിപ്പിക്കാനുള്ള 14 അംഗ സമിതിയില്‍ കോണ്‍ഗ്രസില്‍നിന്ന് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ ഉള്‍പ്പെടുത്തി. പ്രചാരണം, സമൂഹമാധ്യമ പ്രചാരണം, മീഡിയ, റിസര്‍ച് എന്നിവയ്ക്കായാണ് മറ്റു 4 സമിതികള്‍. 28 കക്ഷികള്‍ പങ്കെടുത്ത യോഗം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള 3 പ്രമേയങ്ങള്‍ പാസാക്കി. ‘ജുഡേഗാ ഭാരത്, ജീതേഗാ ഇന്ത്യ’ (ഭാരതം ഒന്നിക്കും, ഇന്ത്യ വിജയിക്കും) എന്നതായിരിക്കും പ്രതിപക്ഷ മുദ്രാവാക്യം.
Post a Comment