കഴുത്തറുത്ത നിലയില്‍ വനിത ഫ്ലൈറ്റ് അറ്റന്‍ഡന്‍റിന്‍റെ മൃതദേഹം അടച്ചിട്ട ഫ്‌ളാറ്റില്‍, ഒരാൾ അറസ്റ്റിൽ

(www.kl14onlinenews.com)
(04-Sep-2023)

കഴുത്തറുത്ത നിലയില്‍ വനിത ഫ്ലൈറ്റ് അറ്റന്‍ഡന്‍റിന്‍റെ മൃതദേഹം അടച്ചിട്ട ഫ്‌ളാറ്റില്‍

മുംബൈ:ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ഛത്തീസ്ഗഡ് സ്വദേശിയായ റുപാൽ ഒഗ്രിയാണ് (24) മരിച്ചത്. കഴുത്തു മുറിച്ച നിലയിലായിരുന്നു മൃതദേഹം. മുംബൈ പൊലീസാണ് അന്വേഷണം നടത്തുന്നത്. അന്ധേരിയിലെ കൃഷൻലാൽ മാർവാ മാർഗിലെ മാരോൾ‌ പ്രദേശത്തെ എൻജി കോംപ്ലക്സിലെ ഫ്ലാറ്റിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ഇവർ താമസിച്ചിരുന്ന അന്ധേരിയിലെ ഹൗസിങ് സൊസൈറ്റിയുടെ തൂപ്പുകാരനായ വിക്രം അത്‌വാലാണ്(40) അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഹൗസിങ് സൊസൈറ്റിയിലെ സുരക്ഷാ ക്യാമറകളും പൊലീസ് പരിശോധിക്കുന്നു. വിക്രമിന്റെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവരും ഇവിടുത്തെ തൂപ്പുകാരിയാണ്.

എയർ‌ ഇന്ത്യ വിമാനക്കമ്പനിയിൽ പരിശീലനത്തിനായി കഴിഞ്ഞ ഏപ്രിലിലാണു റുപാൽ മുംബൈയിൽ എത്തിയത്. സഹോദരിക്കൊപ്പമാണു റുപാൽ ഫ്ലാറ്റിൽ താമസിച്ചിരുന്നതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സഹോദരിയുടെ പുരുഷ സുഹൃത്തും ഇവിടെ താമസിച്ചിരുന്നു. ഇവർ 8 ദിവസം മുൻപു സ്വദേശത്തേക്കു പോയി. പൊലീസാണ് ഇരുവരെയും കൊലപാതക വിവരം അറിയിച്ചത്. പലതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നു റുപാലിയുടെ വീട്ടുകാരാണു മുംബൈയിലെ കൂട്ടുകാരെ അറിയിച്ചതും ഫ്ലാറ്റിൽ‌ പോയിനോക്കാൻ നിർദേശിച്ചതും.

സുഹൃത്തുക്കൾ എത്തിയപ്പോൾ ഫ്ലാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കോളിങ് ബെൽ അടിച്ചിട്ടും പ്രതികരണമുണ്ടായില്ല. സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ചു. ഡൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു ഫ്ലാറ്റ് തുറന്നപ്പോൾ, കഴുത്ത് ഛേദിക്കപ്പെട്ട നിലയിൽ കിടക്കുന്ന യുവതിയെയാണു കണ്ടത്. ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post