(www.kl14onlinenews.com)
(01-Sep-2023)
പത്തനംതിട്ട: മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപ്പുർവം കാറിലിടിച്ചതായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പരാതി. താൻ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നും വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ പരാതിയിൽ പറയുന്നു. പന്തളം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
ഇന്ന് രാവിലെ പന്തളത്തുവച്ചായിരുന്നു സംഭവം. പുതുപ്പള്ളിയിലേക്ക് പോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഏറ്റവും പിന്നിലായുണ്ടായിരുന്ന പൊലീസിന്റെ സ്ട്രൈക്കർ ഫോഴ്സിന്റെ വാഹനമാണ് തന്റെ കാറിൽ ഇടിച്ചെന്നാണ് കൃഷ്ണകുമാർ ആരോപിക്കുന്നത്. കാറിൽ വാൻ ഇടിപ്പിക്കുകയും ഇതിന്റെ ആഘാതത്തിൽ കാർ ഒരുവശത്തേക്ക് മാറിപ്പോവുകയും ചെയ്തുവെന്നും കൃഷ്ണകുമാർ പറയുന്നു. കാറിനും കേടുപാടുകളുണ്ട്.
ഇടിച്ചശേഷം വാനിലുണ്ടായിരുന്നവർ മോശമാറി പെരുമാറിയെന്നും നടൻ ആരോപിക്കുന്നു. അപകടകരമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനും വാഹനത്തിലുണ്ടായിരുന്നവർക്കെതിരെ കേസെടുക്കണമെന്നും പന്തളം സി ഐയ്ക്ക് അദ്ദേഹം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോവുകയായിരുന്നു കൃഷ്‌ണകുമാർ. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് കൃഷ്ണകുമാർ
إرسال تعليق