കഥാസാഗരം കഥ - വായനയും പുനർ വായന തനിമ സാഹിത്യ വേദി സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

(www.kl14onlinenews.com)
(20-Sep-2023)

കഥാസാഗരം കഥ - വായനയും പുനർ വായന തനിമ സാഹിത്യ വേദി സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

കാസർകോട്: നല്ല കഥകൾ മനുഷ്യന്റെ ഹൃദയങ്ങളെ ആർദ്രമാക്കുമെന്നുo കാലമെത്ര കഴിഞ്ഞാലും അത്തരം കഥകൾ നമ്മുടെ ഉള്ളിൽ നിറഞ്ഞു നില്ക്കുമെന്നു മുതിർന്ന പത്രപ്രവർത്തകൻ റഹ്മാൻ തായലങ്ങാടി പ്രസ്താവിച്ചു. അത് തന്നെയാണ് കാലമിത്ര കഴിഞ്ഞും ബഷീറിന്റെയും കാരൂരിന്റെയും മാധവിക്കുട്ടിയുടെയും കഥകൾ നമ്മെ നിരന്തരം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തനിമ കലാസാഹിത്യ വേദി ഞായറാഴ്ച സായാഹ്നത്തിൽ ഡയലോഗ് സെന്ററിൽ സംഘടിപ്പിച്ച കഥാസാഗരം - കഥ വായനപുനർവായന പരിപാടിയുടെ ഉദ്ഘാടകനായി സംസാരിക്കുകയായിരുന്നു റഹ്മാൻ തായലങ്ങാടി.

എഴുത്തുകാരായ എ.എസ് മുഹമ്മദ് കുഞ്ഞിയുടെ കഥയും കള്ളനും ഹരീഷ് പന്തക്കലിന്റെ പാപനാശിനി, കെ.എം അബ്ബാസിന്റെ കഥ കല്ലറകളുടേത് എന്നീ കഥകൾ യഥാക്രമം എം.എ, മുംതാസ് ടീച്ചർ, അബ്ദുൽ സമീർ P.M. , അരീബ അൻവർ ഷംനാട് സദസ്സിൽ വായിച്ചു. തുടർന്നു കഥകളെ അപഗ്രഥിച്ചുകൊണ്ട് ഗവ. കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ നിജ . ആർ. , നോവലിസ്റ്റ് ബാലകൃഷ്ണൻ ചെർക്കള, എഴുത്തുകാരൻ കെ.പി. എസ്. വിദ്യാനഗർ എന്നിവർ കഥകളെ പുനർവായിച്ചു.

തുടർന്നു നിറഞ്ഞ സദസ്സിൽ തനിമയുടെ സ്നേഹസ്പർശം പരിപാടിയിൽ പുരസ്കാര ജേതാക്കളെ ആദരിച്ചു.

മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ അണിഞ്ഞയെ റഹ്മാൻ തായലങ്ങാടിയും ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവ് എം.എ. മുംതാസ് ടീച്ചറെ പ്രസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് ടി.എ ശാഫിയും, ഗ്രാമ സ്വരാജ് പ്രതിഭ അവാർഡ് ജേതാവ് സലീം സന്ദേശം ചൗക്കിയെ എഴുത്തുകാരൻ ജബ്ബാർ ചെറുവത്തൂരും ആദരിച്ചു.

തനിമ കലാസാഹിത്യ വേദി പ്രസിഡണ്ട് അബൂ താഹി അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.എ, അബ്ദുൽ സത്താർ ആ മുഖഭാഷണം നടത്തി.

ഡോ. മൻസൂർ വരച്ച , ഇയ്യിടെ വിട പറഞ്ഞ പ്രശസ്ത നിരൂപകൻ പ്രൊഫ. ഇബ്രാഹിം ബേവിഞ്ഞയുടെ ഛായാചിത്രം ജില്ലാ ലൈബ്രറിയിലേക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോധരന് തനിമ പ്രസിഡണ്ട് അബൂ താഹി കൈമാറി.

പ്രൗഢമായ സദസ്സിനെ സാക്ഷി നിർത്തി കാസർകോട് സാംസ്കാരിക രംഗത്തെ വേറിട്ട അനുഭവമായിരുന്നു തനിമ യുടെ കഥാ സാഗരം.

അഷ്റഫ് അലി ചേരങ്കൈ സ്വാഗതവും തനിമ ജനറൽ സെക്രട്ടറി അബൂബക്കർ ഗിരി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم