(www.kl14onlinenews.com)
(17-Sep-2023)
നിപയില്‍ ആശ്വാസം;
23 ഹൈറിസ്ക്ക് ഉൾപ്പടെ
കോഴിക്കോട്: നിപാ വൈറസ് ബാധയിൽനിന്നുള്ള ആശങ്ക കുറയുന്നു. നിപ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള 42 പേരുടെ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 23 ഹൈറിസ്ക്ക് ആളുകളുടേത് ഉൾപ്പടെയാണ് 42 ഫലങ്ങൾ നെഗറ്റീവായത്. നിലവിൽ നിപ ബാധിച്ച് തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ഒമ്പതുവയസുകാരന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. നിപ സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കകളൊന്നുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
നിപ പ്രതിരോധത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 19 സംഘങ്ങളാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സമ്പര്‍ക്കത്തിലുള്ള മുഴുവനാളുകളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇനി പൊലീസ് സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷൻ എടുത്ത് ആളുകളെ കണ്ടെത്തണം.
കേന്ദ്ര സംഘങ്ങള്‍ ഇന്നും നിപ ബാധിത മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. 2018ല്‍ നിപ റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ സന്ദര്‍ശനം നടത്തി ഇവിടെ പാരിസ്ഥിതികമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പഠിക്കും. ഐ.സി.എം.ആറിന്‍റെയും എൻ.ഐ.വിയുടെയും സംഘവും സ്ഥലത്തുണ്ട്. ഇവരും ഫീല്‍ഡ് സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
അതിനിടെ തിരുവനന്തപുരത്ത് നിപ സംശയിച്ച നിരീക്ഷണത്തിലാക്കിയ രണ്ട് പേരില്‍ ഒരാളുടെ ഫലം നെഗറ്റീവായി. ഐസൊലേഷനിലാക്കിയ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫലമാണ് നെഗറ്റീവായത്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഈ മെഡിക്കൽ വിദ്യാർഥി കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു. പനിയും മറ്റ് അസ്വസ്ഥതകളും കണ്ടെത്തിയതോടെയാണ് നീരീക്ഷണത്തിലാക്കിയത്.
അതേസമയം തിരുവനന്തപരം ജില്ലയില്‍ നിപ ലക്ഷണങ്ങളുള്ള മറ്റൊരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയായ 72 വയസുകാരിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവര്‍ക്ക് പനിയുണ്ടായതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
Post a Comment