കർണാടകയിലേക്ക് ബീഫ് കടത്തിയവരെ തടഞ്ഞു, കാർ കത്തിച്ചു; 21 ശ്രീരാമ സേന പ്രവർത്തകർ അറസ്റ്റിൽ

(www.kl14onlinenews.com)
(25-Sep-2023)

കർണാടകയിലേക്ക് ബീഫ് കടത്തിയവരെ തടഞ്ഞു, കാർ കത്തിച്ചു; 21 ശ്രീരാമ സേന പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു : ബീഫ് കടത്തിയതിന് കർണാടകയിൽ ഏഴു പേർ അറസ്റ്റിൽ. ഇവരുടെ കാർ കത്തിച്ച ശ്രീരാമസേനയുടെ 14 പ്രവർത്തകരും പിടിയിലായി. ആന്ധ്രപ്രദേശിലെ ഹിന്ദുപുരിൽനിന്നാണ് ബെംഗളൂരുവിലേക്ക് ബീഫ് കടത്തിയത്. ഇതിനുപയോഗിച്ച അഞ്ച് വാഹനങ്ങളും കർണാടക പൊലീസ് പിടികൂടി.

ഞായറാഴ്ച പുലർച്ചെ അ‍ഞ്ചേമുക്കാലോടെയാണ് സംഭവമെന്ന് ബെംഗളൂരു റൂറൽ എസ്പി മല്ലികാർജുൻ ബലദൻഡി പറഞ്ഞു. ഹിന്ദുപുരിൽനിന്ന് ബെംഗളൂരുവിലേക്ക് ബീഫ് കയറ്റി വരികയായിരുന്ന അഞ്ച് മിനി ട്രക്കുകളും കാറും ദൊഡ്ഡബല്ലാപുരയിൽ വച്ച് ശ്രീരാമസേനാ പ്രവർത്തകർ തടയുകയായിരുന്നു.

ഇവർ കാർ കത്തിക്കുകയും വാഹനങ്ങളിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തു. ഉടൻ പൊലീസ് സ്ഥലത്തെത്തി. ബീഫ് കടത്തിയതിനും കാർ കത്തിച്ചതിനുമായി രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തതായി എസ്പി പറഞ്ഞു. ആകെ 21 പേർ അറസ്റ്റിലായി. ബീഫ് കടത്തിയവരിൽ അഞ്ച് പേർ ഹിന്ദുപുർ സ്വദേശികളും മറ്റു രണ്ടു പേർ ഗൗരിബിദാനൂരിൽ നിന്നുള്ളവരുമാണ്. ഇവരെ സഹായിച്ചവരെ ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്തെ മുൻ ബിജെപി സർക്കാർ 2020ൽ പാസാക്കിയ കശാപ്പ് നിരോധന നിയമപ്രകാരം പശു, കാള, എരുമ, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നതിനു വിലക്കുണ്ട്. അധികാരത്തിലെത്തിയാൽ നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച് നടപടികൾ സ്വീകരിച്ചിട്ടില്ല.

Post a Comment

Previous Post Next Post