അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം മറ്റൊരാൾക്കായിരിക്കും; മോദിയെ ലക്ഷ്യമിട്ട് രാഹുൽ

(www.kl14onlinenews.com)
(02-Sep-2023)

അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം മറ്റൊരാൾക്കായിരിക്കും; മോദിയെ ലക്ഷ്യമിട്ട് രാഹുൽ

റായ്പുർ: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം അദാനിക്കായിരിക്കില്ലെന്നും മറിച്ച് മറ്റൊരാൾക്കായിരിക്കുമെന്നും അതുകൊണ്ടാണ് അദാനിക്കെതിരെ അന്വേഷണം നടത്താൻ പ്രധാനമന്ത്രി ഉത്തരവിടാത്തത്. റായ്പൂരിൽ സംസാരിക്കവേയാണ് രാഹുൽ മോദിയെ ലക്ഷ്യമിട്ട് വിശർശനം ഉന്നയിച്ചത്.

എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ഒരു സംഖ്യ പറയും. അവർ പറയുന്നത് 230 – 250 സീറ്റുകൾ നേടുമെന്നാണ്. എന്നാൽ കർണാടകയിലെ പാവപ്പെട്ട ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്തു. മോദി സർക്കാർ പ്രവർത്തിക്കുന്നത് ഏതാനും വ്യവസായികൾക്ക് വേണ്ടി മാത്രമാണ്. അദാനി വിദേശത്തേക്ക് കടത്തിയത് ആരുടെ പണമാണെന്ന് പറയണം. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടും അന്വേഷണം ഇല്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. അദാനി മോദിയുടെ അടുപ്പക്കാരനാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.

ആദിവാസികൾ ഭൂമിയുടെ ഉടമകളാണ്. ബിജെപി അവരെ വനവാസികളെന്ന് വിളിക്കുകയാണ്. ആദിവാസി യുവാക്കളുടെ സ്വപ്നങ്ങൾക്കൊപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നത്. ബിജെപി അവരെ വനങ്ങളിൽ തന്നെ തളച്ചിടുകയാണ്. രാജ്യമാകെ ബിജെപി വിദ്വേഷം പരത്തുകയാണ്.

എവിടെയൊക്കെ ബിജെപി വെറുപ്പ് പരത്തിയാലും കോൺഗ്രസ് അവിടെയൊക്കെ സ്നേഹം നിറയ്ക്കും. ഛത്തിസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് അധികാരം നിലനിർത്തും. തെലങ്കാനയിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാർ വരും. കോൺഗ്രസ് സർക്കാരുകൾ പാവപ്പെട്ടവർക്കൊപ്പമാണ് നിൽക്കുന്നത്. ഒരു കാലത്തും അദാനി സർക്കാരാകില്ല. അടുത്ത അഞ്ച് വർഷവും ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് വേണ്ടി ഭരണം നടത്തും. വെറുപ്പും അക്രമവും രാജ്യത്തെ മുന്നോട്ട് നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post