തുടര്‍ച്ചയായ 'നാക്ക് പിഴ'; കെ സുധാകരന്റെ പ്രതികരണങ്ങള്‍ നാണക്കേട്, നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം 2023

(www.kl14onlinenews.com)
(25-Sep-2023)

തുടര്‍ച്ചയായ 'നാക്ക് പിഴ'; കെ സുധാകരന്റെ പ്രതികരണങ്ങള്‍ നാണക്കേട്, നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തുടര്‍ച്ചയായ 'നാക്ക് പിഴ'കളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി. സുധാകരന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സുധാകരനെ നിയന്ത്രിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

നിര്‍ണായക ഘട്ടങ്ങളില്‍ വാക്കു പിഴകളിലൂടെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് കെ സുധാകരന്‍ എന്നാണ് പരാതി. പരാമര്‍ശങ്ങള്‍ വിവാദമായാല്‍ നാക്കു പിഴയെന്ന് വിശദീകരിക്കുന്നതാണ് പതിവ്. പക്ഷേ അടുത്ത കാലങ്ങളില്‍ സുധാകരന്‍ നടത്തിയ പ്രസ്താവനകളില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ അതൃപ്തരാണ്. സുധാകരന്‍ അനാവശ്യ പ്രതികരണങ്ങളിലൂടെ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നു എന്നാണ് വിമര്‍ശനം. കണ്ണൂരില്‍ ആർഎസ്എസ് ശാഖകള്‍ക്ക് കാവലൊരുക്കിയെന്ന സുധാകരന്റെ പ്രസ്താവന പാര്‍ട്ടിക്കേല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല.

ഈ അലയൊലികള്‍ അടങ്ങും മുമ്പ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ സുധാകരന്‍ വര്‍ഗീയവാദിയാക്കി. ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കാന്‍ നെഹ്‌റു വര്‍ഗ്ഗീയ ഫാസിസത്തോട് സന്ധി ചെയ്തു എന്നായിരുന്നു പരാമര്‍ശം. പ്രസ്താവനയില്‍ പരസ്യമായി അതൃപ്തി അറിയിച്ച മുസ്ലിം ലീഗിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടാണ് തണുപ്പിച്ചത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പുതുപ്പള്ളിയില്‍ എത്തിയ സുധാകരന്‍ പിണറായി വിജയനെ പോത്തിനോട് ഉപമിച്ചതും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി.

പുതുപ്പള്ളിയിലെ വാര്‍ത്താ സമ്മേളനത്തിലെ മൂപ്പിള തര്‍ക്കം തീര്‍ത്ത നാണക്കേടില്‍ നിന്നും പാര്‍ട്ടി മുക്തമായിട്ടില്ല. അതിനിടയിലാണ് കെ ജി ജോര്‍ജിന് അനുശോചനം അര്‍പ്പിച്ച് സുധാകരന്‍ കുരുക്കിലായത്. കെ ജി ജോർജിന്റെ വിയോഗത്തിന് പിന്നാലെ മാധ്യമപ്രവർത്തകർ പ്രതികരണമെടുക്കുമ്പോഴാണ് കെ സുധാകരൻ അബദ്ധ പ്രതികരണം നടത്തിയത്. 'ജോര്‍ജ് നല്ലൊരു പൊതുപ്രവർത്തകൻ ആയിരുന്നു. നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു. കഴിവും പ്രാപ്‌തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച്‌ ഓർക്കാൻ ഒരുപാടുണ്ട്‌. അദ്ദേഹത്തെക്കുറിച്ച്‌ ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. സഹാതാപമുണ്ട്‌,' എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. പിന്നീട് വിഷയത്തിൽ ഖേദ പ്രകടനവുമായി സുധാകരൻ രംഗത്ത് വന്നിരുന്നു.

പിഴവുകള്‍ ആവര്‍ത്തിക്കുമ്പോഴും അധ്യക്ഷപദം ഒഴിയാന്‍ സുധാകരന്‍ സന്നദ്ധനല്ല. ഇതാണ് നേതൃത്വത്തെ കുഴക്കുന്നത്.

Post a Comment

Previous Post Next Post