(www.kl14onlinenews.com)
(02-Sep-2023)
ഏഷ്യാ കപ്പ്: പൊരുതിയത് പാണ്ഡ്യയും കിഷനും മാത്രം; ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ
പല്ലെക്കെല്ലെ: ഏഷ്യാ കപ്പ് ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. 87 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാന്‍ കിഷന്‍ 82 റണ്‍സെടുത്തു. വാലറ്റത്ത് 14 പന്തില്‍16 റണ്‍സെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങാനായില്ല. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവുമെടുത്തു
66 റണ്‍സില്‍ നാലാം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ 138 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 38-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ കിഷനും(81 പന്തില്‍ 82) 239 റണ്‍സില്‍ ഹാര്‍ദ്ദിക്കും(90 പന്തില്‍ 87) മടങ്ങിയതോടെ ഇന്ത്യ 50 ഓവര്‍ പൂര്‍ത്തിയാക്കാതെ പുറത്തായി. രോഹിത് ശര്‍മ(11), ശുഭ്മാന്‍ ഗില്‍(10), വിരാട് കോലി(4), ശ്രേയസ് അയ്യര്‍(14), രവീന്ദ്ര ജഡേജ(14) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
തകര്‍ന്നടിഞ്ഞ് തുടക്കം
ടോസിലെ ഭാഗ്യം ഇന്ത്യയെ ബാറ്റിംഗില്‍ തുണച്ചില്ല. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പാക് പേസാക്രമണത്തിന് മുന്നില്‍ തുടക്കത്തില്‍ പകച്ചു. മെല്ലെത്തുടങ്ങിയ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മഴ മൂലം അഞ്ചാം ഓവറില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സിലെത്തിച്ചു. എന്നാല്‍ കളി പുനരാരംഭിച്ചപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി രോഹിത്തിന്‍റെ(11) സ്റ്റംപിളക്കി. വണ്‍ ഡൗണായി ക്രീസിലെത്തിയ വിരാട് കോലി മനഹോരമായൊരു കവര്‍ ഡ്രൈവിലൂടെ അക്കൗണ്ട് തുറന്നെങ്കിലും പിന്നാല ഷഹീന്‍റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. നാലു റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ശുഭ്മാന്‍ ഗില്‍ മറുവശത്ത് താളം കണ്ടെത്താന്‍ പാടുപെടുകയായിരുന്നു.
മഴമൂലം വീണ്ടും കളി നിര്‍ത്തിവെച്ചശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ പ്രത്യാക്രമണത്തിലൂടെ 9 പന്തില്‍ 14 റണ്‍സെടുത്ത് പ്രതീക്ഷ നല്‍കിയെങ്കിലും ഹാരിസ് റൗഫിന്‍റെ ഷോര്‍ട്ട് ബോളില്‍ ഫഖര്‍ സമന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ഹാരിസ് റൗഫ് ശുഭ്മാന്‍ ഗില്ലിനെ ബൗള്‍ഡാക്കി. ഇതോടെ പതിനഞ്ചാം ഓവറില്‍ 66-4 എന്ന സ്കോറില്‍ ഇന്ത്യ പ്രതിരോധത്തിലായി.
അടിക്ക് തിരിച്ചടി
ആക്രമണമാണ് മികച്ച പ്രതിരോധമെന്ന തിരിച്ചറിവില്‍ ഹാരിസ് റൗഫിനെ തെരഞ്ഞെുപിടിച്ച് ആക്രമിച്ച ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോയപ്പോള്‍ സിംഗിളുകളും ഇടക്കിടെ ബൗണ്ടറികളും നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി. കരിയറില്‍ ആദ്യമായി മധ്യനിരയില്‍ ബാറ്റിംഗിനെത്തിയ കിഷന്‍ 54 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഓപ്പണറായി ഇറങ്ങി തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ചുറി നേടിയ കിഷന്‍റെ തുടര്‍ച്ചയായ നാലാം അര്‍ധസെഞ്ചുറിയാണിത്. 20-ാം ഓവറില്‍ 100 കടന്ന ഇന്ത്യയെ കിഷനും പാണ്ഡ്യയും ചേര്‍ന്ന് 31-ാം ഓവറില്‍ 150 കടത്തി.
തലക്ക് പിന്നാലെ വാലുമരിഞ്ഞ് അഫ്രീദി
38-ാം ഓവറില്‍ 200 കടന്ന ഇന്ത്യയെ ഇഷാന്‍ കിഷന്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും പാണ്ഡ്യയെ സ്ലോ ബോളില്‍ വീഴ്ത്തി അഫ്രീദി വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. പിന്നാലെ രവീന്ദ്ര ജഡേജയെും(14) അഫ്രീദി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍റെ കൈകളിലെത്തിച്ചു. വാലറ്റത്ത് 14 പന്തില്‍ 16 റണ്‍സെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ 250 കടത്തിയത്. മധ്യനിരയില്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയും വീഴ്ത്തിയ ഹാരിസ് റൗഫും പാക്കിസ്ഥാന് വേണ്ടി തിളങ്ങി. നസീം ഷാ ഒരു വിക്കറ്റെടുത്തു.
Post a Comment