(www.kl14onlinenews.com)
(24-Sep-2023)
കാസര്‍കോട്: രണ്ടാം വന്ദേ ഭാരതിന്റെ ഫളാഗ് ഓഫ് ചടങ്ങിനിടെ പ്രതിഷേധം. കാസര്‍കോട് വെച്ച് നടന്ന ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഇറങ്ങി പോയി. സംസാരിക്കാന്‍ അനുവദിക്കാതെ അവഹേളിച്ചുവെന്നാണ് ആരോപണം. എംഎല്‍എക്ക് പുറമേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ മുനീര്‍ എന്നിവര്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായാണ് രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ യാത്രയില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്. കണ്ണൂര്‍,കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ജംങ്ഷന്‍, ആലപ്പുഴ, കൊല്ലം സ്റ്റേഷനുകള്‍ക്ക് പുറമെ തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പുണ്ട്. ഒന്നാം വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ വലിയ പ്രതിഷേധം റെയില്‍വെ നേരിടേണ്ടി വന്നിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്തു നിന്നാണ് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് ആരംഭിക്കുക.
ബുധനാഴ്ച കാസര്‍കോട് നിന്നും സര്‍വീസ് നടത്തും . ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടു നിന്നും സര്‍വീസ് നടത്തും. കാസര്‍കോട് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് 3.05 തിരുവനന്തപുരത്തും വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 11.58 ന് കാസര്‍കോട് എത്തുന്ന രീതിയിലാണ് പുതിയ വന്ദേഭാരതിന്റെ സമയക്രമം.
Post a Comment