വൈറ്റ് വാഷ് മോഹം നടന്നില്ല, ഇന്ത്യക്ക് തോൽവി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് ആശ്വാസജയം

(www.kl14onlinenews.com)
(27-Sep-2023)

വൈറ്റ് വാഷ് മോഹം നടന്നില്ല, ഇന്ത്യക്ക് തോൽവി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് ആശ്വാസജയം
രാജ്കോട്ട്:
ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര തൂത്തുവാരാമെന്ന ഇന്ത്യയുടെ മോഹം രാജ്കോട്ടില്‍ പൊലിഞ്ഞു. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ 66 റണ്‍സിന് വീഴ്ത്തി ഓസ്ട്രേലിയ ആശ്വാസജയവുമായി ലോകകപ്പിനിറങ്ങും. ഇന്ത്യക്കാകട്ടെ ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ പോരാട്ടത്തിന് മുമ്പ് ആത്മപരിശോധനക്കുള്ള കാരണം കൂടിയായി ഈ തോല്‍വി.

353 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.4 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി. 57 പന്തില്‍ 81 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 56 റണ്‍സെടുത്തു. ഓസീസിനായി 40 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഗ്ലെന്‍ മാക്സ്‌വെല്ലാണ് ഇന്ത്യയെ തകര്‍ത്തത്. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 352-7, ഇന്ത്യ 49.4 ഓവറില്‍ 286ന് ഓള്‍ ഔട്ട്.

തുടക്കം മിന്നി ഒടുക്കം പാളി

ഇഷാന്‍ കിഷന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും അഭാവത്തില്‍ വാഷിംഗ്‌ടണ്‍ സുന്ദറാണ് രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങിയത്. വലിയ സ്കോര്‍ നേടിയില്ലെങ്കിലും രോഹിത്തിനൊപ്പം 74 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് സുന്ദര്‍(18) മടങ്ങിയത്. പിന്നീടെത്തിയ വിരാട് കോലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടു. പാര്‍ട്ട് ടൈം സ്പിന്നറായ ഗ്ലെന്‍ മാക്സ്‌വെല്ലിനെ പന്തേല്‍പ്പിക്കാനുള്ള ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ തീരുമാനം ഇന്ത്യയുടെ പദ്ധതികള്‍ തകിടം മറച്ചു.

തന്‍‍റെ ആദ്യ ഓവറില്‍ വാഷിംഗ്‌ടണ്‍ സുന്ദറിനെ മടക്കിയ മാക്സ്‌വെല്‍ പത്തോവറുകള്‍ക്ക് ശേഷം തിരിച്ചെത്തി രണ്ടാം ഓവറില്‍ രോഹിത്തിനെ(81) അവിശ്വസനീയ ക്യാച്ചില്‍ പുറത്താക്കി ഇന്ത്യയുടെ തകര്‍ച്ച തുടങ്ങിവെച്ചു. പിന്നാലെ കോലി(56)യും മാക്സ്‌വെല്ലിന്‍റെ ഇരയായി. പൊരുതി നോക്കിയ ശ്രേയസിനെയും(48) മാക്സ്‌വെല്‍ തന്നെ വീഴ്ത്തി. രാഹുലിനും(26) സൂര്യകുമാര്‍ യാദവിനും(8) കാര്യമായി ഒന്നും ചെയ്യാനായില്ല. രവീന്ദ്ര ജഡേജയുടെ പോരാട്ടം(35) ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. തോറ്റെങ്കിലും ഇന്ത്യ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് മിച്ചല്‍മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ‍ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറികളിലൂടെ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. 84 പന്തില്‍ 96 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Post a Comment

أحدث أقدم