(www.kl14onlinenews.com)
(25-Sep-2023)
കൊച്ചി: കുസാറ്റിലേക്ക് നടന്ന കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവര്‍ത്തകര്‍ക്കടക്കം പരുക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അനധികൃത നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കെഎസ്യു സംസ്ഥാന ഭാരവാഹി മിവ ജോളി അടക്കം കെഎസ്യു നേതാക്കള്‍ അറസ്റ്റിലായി.ലാത്തിച്ചാര്‍ജില്‍ വനിതാ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധം നടത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. താനടക്കമുള്ള വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ മര്‍ദിച്ചെന്ന് മിവ ജോളിയടക്കമുള്ളവര്‍ ആരോപിച്ചു. സ്റ്റേഷനകത്തും പ്രതിഷേധിച്ച മിവ ജോളി അടക്കമുള്ളവരെ ലോക്കപ്പിലടച്ചിരിക്കുകയാണ്. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കണമെന്നാവശ്യപ്പെട്ടാണ് കളമശേരി സ്റ്റേഷനിലെ പ്രതിഷേധം.
12 മണിയോടെയായിരുന്നു കുസാറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ചുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പിന്മാറാന്‍ കൂട്ടാക്കാതിരുന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ ലാത്തിച്ചാര്‍ജും നടത്തി.
ഉദ്ഘാടനത്തിന് പോലും സമ്മതിക്കാതെയുള്ള നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് കാര്യമായ പരിക്കേറ്റിണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ പൊലീസിന് നേരെ കല്ലേറുണ്ടായതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Post a Comment