(www.kl14onlinenews.com)
(28-Sep-2023)
തിരുവനന്തപുരം: ഇന്ന് നബിദിനം. ഹിജ്‌റ വര്‍ഷപ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. വിപുലമായ ആഘോഷത്തോടെ വിശ്വാസികള്‍ നബിദിനത്തെ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍. പ്രവാചക പിറവിയുടെ പുണ്യസ്മരണകള്‍ ഉയര്‍ത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങള്‍.
പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികള്‍ പാടിയും പറഞ്ഞും ഈ ദിനത്തില്‍ ആത്മീയ സംതൃപ്തി നേടും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളുടെയും നബി ദിനാഘോഷം.
നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. 27 നായിരുന്നു മുന്‍ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാല്‍ സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് മുഖ്യമന്ത്രിയോട് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തിലാണ് പൊതു അവധിയും മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്.
മദ്രസ വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രകള്‍ വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദഫ്മുട്ട് ഉള്‍പ്പടെയുള്ള മാപ്പിള കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ മത സൗഹാര്‍ദ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഏവര്‍ക്കും നബിദിനാശംസ നേര്‍ന്നു.'സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്വമുള്‍ക്കൊള്ളുന്ന സന്ദേശങ്ങളാണ് മുഹമ്മദ് നബി പങ്കു വച്ചത്. പരസ്പരസ്‌നേഹത്തിലധിഷ്ഠിതമായ മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതാണ് നബി സ്മരണയുണര്‍ത്തുന്ന നബിദിനം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു'
Post a Comment