നിപ ബാധ; ആശ്വാസദിനം, പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല 2023

നിപ ബാധ; ആശ്വാസദിനം, പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല


കോഴിക്കോട് : നിപ ബാധയില്‍ ജില്ലക്ക് ആശ്വാസദിനമെന്നും നിലവില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപ അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ചികിത്സയിലുള്ള ഒന്‍പത് വയസ്സുള്ള കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. നിലവില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയിലെ പുരോഗതി പ്രതീക്ഷാനിര്‍ഭരമാണെന്ന് മന്ത്രി അറിയിച്ചു. നിപക്കെതിരെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് ഒറ്റക്കെട്ടായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

1233 പേരാണ് ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 23 പേര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഐ എം സി എച്ചില്‍ 4 പേരാണ് ഉള്ളത്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 34,167 വീടുകളില്‍ ഗൃഹ സന്ദര്‍ശനം പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു.

ആദ്യത്തെ നിപ കേസില്‍ നിന്നാണ് എല്ലാവര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിന്റെ ജീനോമിക് സീക്വന്‍സിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തും. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് 352 പേരാണ്.

ജനങ്ങള്‍ നല്ല രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗൃഹ സന്ദര്‍ശനത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയില്‍ ഉണ്ടായ വര്‍ധനവ് ഇത് സാധൂകരിക്കുന്നതായി മന്ത്രി പറഞ്ഞു.

ജനങ്ങള്‍ സ്വയം നേതൃത്വമേറ്റെടുത്തു കൊണ്ടാണ് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനവും നടത്തുന്നത്.ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന കഠിനാധ്വാനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ എ ഗീത, എ ഡി എം സി.മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷാജിസി.കെ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കലക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post