(www.kl14onlinenews.com)
(28-Sep-2023)
ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി.നാളെയാണ് പാകിസ്ഥാന്‍റെ ആദ്യ സന്നാഹ മത്സരം. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തിയത്. ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് വിമാനം ഇല്ലാത്തിനാൽ ദുബായ് വഴിയായായിരുന്നു പാകിസ്ഥാൻ ടീമിന്റെ യാത്ര. ഇതിനിടെ പാക് ടീം ദുബായിൽ ചെലവഴിച്ചത് ഒൻപത് മണിക്കൂർ. ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയ പാക് ടീമിനെ കാത്ത് അര്‍ധരാത്രിയിലും നൂറു കണക്കിനാരാധകരാണ് കാത്തു നിന്നത്.
ബാബറിന്‍റെ പേരെടുത്ത് വിളിച്ച് ആരാധകര്‍ ആവേശം പ്രകടിപ്പിച്ചപ്പോള്‍ പാക് നായകനും ആരാധകരെ അഭിവാദ്യം ചെയ്തു. പാക്കിസ്ഥാന്‍റെ ഏറ്റവും വലിയ ആരാധകനായ ചാച്ചയും ടീമിനെ വരവേല്‍ക്കാന്‍ ഹൈദരാബാദിലുണ്ടായിരുന്നു. 2016ന് ശേഷം ആദ്യമായാണ് പാകിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കാനെത്തുന്നത്.2016ലെ ടി20 ലോകകപ്പിലായിരുന്നു പാക്കിസ്ഥാന്‍ അവസാനമായി ഇന്ത്യയില്‍ കളിച്ചത്
ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ യു പേസര്‍ നസീം ഷാ ഇല്ലാതെയാണ് ബാബർ അസമും സംഘവും ലോകകപ്പിനായി ഇന്ത്യയിലെത്തിയിരിക്കുന്നത്. മുഹമ്മദ് നവാസും സൽമാൻ അലി ആഘയും ഒഴികെ ടീമിലെ ആരും ഇതിന് മുൻപ് ഇന്ത്യയിൽ കളിച്ചിട്ടില്ല. ഇത് ടീമിന്‍റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടിയാവില്ലെന്ന് ബാബർ അസം പറഞ്ഞു.
ബാബറും പേസർ ഷഹീൻ ഷാ അഫ്രീദിയും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിമാനത്താവളത്തിൽ ലഭിച്ച സ്നേഹത്തിലും പിന്തുണയിലും പാക് താരങ്ങളും ഏറെ സന്തോഷവാന്മാരാണ്. ബാബർ തന്നെ സമൂഹമാധ്യമങ്ങളിലെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഹൈദരാബാദുകാരുടെ സ്നേഹത്തിലും പിന്തുണയിലും ആവേശഭരിതനായി -ബാബർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2016ലാണ് അവസാനമായി പാകിസ്താൻ ഇന്ത്യയിൽ വന്നത്. ട്വന്‍റി20 ലോകകപ്പിനായാണ് അന്ന് പാകിസ്താൻ ടീം ഇന്ത്യയിലെത്തിയത്. അന്ന് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനെത്തിയ താരങ്ങളാരും ഇന്ന് പാക് ടീമില്‍ അംഗമല്ല. നിലവിൽ ടീമിലുള്ളവരെല്ലാം ആദ്യമായാണ് ഇന്ത്യയിൽ കളിക്കാനെത്തുന്നത്. 2013ലാണ് അവസാനമായി ഇന്ത്യയിൽ പാക് ടീം ഏകദിന പരമ്പര കളിച്ചത്.
നാളെ ന്യുസീലൻഡിനെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ സന്നാഹമത്സരം.ഒക്ടബോർ മൂന്നിന് ഓസ്ട്രേലിയയുമായും പരിശീലന മത്സരം കളിക്കും.സുരക്ഷാ ഭീഷണിയുള്ളതിനാല്‍ പാക് ടീമിന്‍റെ രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക. അഞ്ചിന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ മത്സരം. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഒക്ടോബർ പതിനാലിന് അഹമ്മദാബാദിൽ നടക്കും.
إرسال تعليق