കൊച്ചി: മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ചര്‍ച്ചകളെക്കുറിച്ച് അറിയില്ല, മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത് എന്നും ഷംസീര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഎമ്മിന്റെ പരിഗണനയിലുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആന്റണി രാജുവും. മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധി മുട്ടുമില്ല. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാള്‍ നല്ലതെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. മുന്നണി തീരുമാനം നടപ്പാക്കാനുള്ള ദിവസം ഇന്നല്ല. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടുമോയെന്ന് ഞാനല്ല പറയേണ്ടതെന്നും ആന്റണി രാജു പറഞ്ഞു. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നതിന് വിരുദ്ധമാണ് വാര്‍ത്തകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഘടകക്ഷികളുടെ മന്ത്രി സ്ഥാനം വച്ചുമാറുമെന്നത് നേരത്തേയുള്ള ധാരണയാണ്. ഇതനുസരിച്ച് ഗതാഗാത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറിയേക്കുമെന്നാണ് വിവരം. പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബിഗണേഷ്‌കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. അടുത്തയാഴ്ച ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കും.
Post a Comment