(www.kl14onlinenews.com)
(19-Sep-2023)
അശ്വിൻ തിരിച്ചെത്തി; രോഹിത്തിനും കോഹ്ലിക്കും വിശ്രമം; ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്കുള്ള ടീമായി
ന്യൂഡൽഹി : ഓസ്ട്രേലിയയ്ക്കെതിരെ 21ന് ആരംഭിക്കുന്ന 3 ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിൽ കെ.എൽ.രാഹുലിന്റെ നേതൃത്വത്തിലാണ് ടീം ഇറങ്ങുക. സ്പിന്നർ ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി.
മൂന്നാം ഏകദിനത്തിൽ രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുണ്ടാകും. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ അക്ഷർ പട്ടേലിനെ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിറംമങ്ങിയ ബാറ്റർ സൂര്യകുമാർ യാദവിനെയും ടീമിൽ നിലനിർത്തി. മൊഹാലിയിലാണ് ആദ്യ മത്സരം. 24ന് ഇൻഡോർ, 27ന് രാജ്കോട്ട് എന്നിവിടങ്ങളിലാണ് മറ്റുള്ളവ. എല്ലാ മേഖലകളിലും ആധിപത്യം പുലർത്തി ഏഷ്യാ കപ്പ് ജേതാക്കളായെങ്കിലും ഓസ്ട്രേലിയൻ പരമ്പര കൂടി ജയിച്ചാൽ മാത്രമേ ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങൾ പൂർണമാകൂ.
ലോകകപ്പിനുള്ള അതേ ടീമുമായാണ് ഓസ്ട്രേലിയ എത്തുന്നത്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, മാർനസ് ലബുഷെയ്ൻ, അലക്സ് ക്യാരി തുടങ്ങി ഓസ്ട്രേലിയൻ ബാറ്റർമാരെല്ലാം മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കയിൽ 5 മത്സര പരമ്പര നഷ്ടപ്പെടുത്തിയ ശേഷമാണ് ഓസീസ് ഇന്ത്യയിലേക്കു വരുന്നത്. ഒക്ടോബർ 8ന് ചെന്നൈയിലാണ് ലോകകപ്പിലെ ഇന്ത്യ– ഓസ്ട്രേലിയ പോരാട്ടം.
ടീം: കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ, ആർ.അശ്വിൻ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
إرسال تعليق