(www.kl14onlinenews.com)
(15-Sep-2023)
മെൽബൺ: ഏകദിന ലോകകപ്പിനു മുൻപ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നയം വ്യക്തമാക്കി; സുരക്ഷയാണ് പരമപ്രധാനം! ഒക്ടോബർ ഒന്നു മുതൽ ആഭ്യന്തര, രാജ്യാന്തര മത്സരങ്ങളിൽ പേസ് ബോളർമാരെ നേരിടുമ്പോൾ ഓസ്ട്രേലിയൻ ബാറ്റർമാരെല്ലാം, കഴുത്ത് ഉൾപ്പെടെ തലയുടെ പിൻഭാഗം സുരക്ഷിതമാക്കുന്ന ‘നെക്ക് പ്രൊട്ടക്ടർ’ ഉള്ള ഹെൽമറ്റ് തന്നെ ധരിക്കണമെന്നാണ് കർശന നിർദേശം.
പല താരങ്ങളും മുൻപു തന്നെ ഇതു ചെയ്യുന്നുണ്ടെങ്കിൽ ഡേവിഡ് വാർണറെപ്പോലുള്ള ചില സീനിയർ താരങ്ങൾ പഴയ രീതിയിലുള്ള ഹെൽമറ്റ് തന്നെയാണ് ധരിച്ചു കൊണ്ടിരിക്കുന്നത്. നിയമം കർശനമാക്കുന്നതോടെ ഇവരും ‘ഹെൽമറ്റ്’ മാറ്റേണ്ടി വരും! 2014ൽ ആഭ്യന്തര മത്സരത്തിനിടെ ബൗൺസർ തലയ്ക്കു പിന്നിൽ കൊണ്ട് ഇരുപത്തഞ്ചുകാരൻ ബാറ്റർ ഫിൽ ഹ്യൂസ് മരണപ്പെട്ടതിനു പിന്നാലെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഹെൽമറ്റുകളിൽ നെക്ക് പ്രൊട്ടക്ടർ നിർദേശിച്ചത്. എന്നാൽ ഇതു നിർബന്ധമാക്കാത്തതിനാൽ എല്ലാവരും പുതിയ തരം ഹെൽമറ്റുകൾ ഉപയോഗിച്ചില്ല.
എന്നാൽ നെക്ക് പ്രൊട്ടക്ടറിന്റെ ഗുണം മനസ്സിലായ സന്ദർഭങ്ങൾ പിന്നീടുണ്ടായി. കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കൻ പേസ് ബോളർ കഗീസോ റബാഡയുടെ ബൗൺസർ ഹെൽമറ്റിൽ കൊണ്ട് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട ഓസീസ് ബാറ്റർ കാമറൂൺ ഗ്രീൻ ഗുരുതര പരുക്കിൽ നിന്നു രക്ഷപ്പെട്ടത് നെക്ക് പ്രൊട്ടക്ടർ ഉള്ളതു കൊണ്ടായിരുന്നു.
Post a Comment