യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു

(www.kl14onlinenews.com)
(13-Sep-2023)

യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു
എറണാകുളം: പെരുമ്പാവൂരില്‍ വെട്ടേറ്റ നഴ്‌സിങ്ങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം സ്വദേശിനി അല്‍ക്കാ ബെന്നിയാണ് മരിച്ചത്. ആലുവയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് ഉച്ചയോട് കൂടിയാണ് അൽക്ക മരിച്ചത്.

രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ ബേസില്‍ എന്ന യുവാവ് വീട്ടില്‍ കയറി ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ആയിരുന്നു. സംഭവത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയിൽ കഴിഞ്ഞ 8 ദിവസമായി സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ പിന്തുണയിലായിരുന്നു അൽകയുടെ ജീവൻ നിലനിർത്തിയിരുന്നത്. അമിത രക്തസ്രാവം വൃക്കയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചതിനാൽ ഡയാലിസിസ് നടത്തിയിരുന്നു. എങ്കിലും തലച്ചോറിന് ഉണ്ടായ മാരകമായ മുറിവും, അമിത രക്തസ്വാവവും, ന്യുമോണിയ ബാധിച്ചതുമാണ് മരണത്തിന് കാരണം.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. യുവാവ് പെണ്‍കുട്ടിയോട് ഇഷ്ടം പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇരിങ്ങോല്‍ സ്വദേശി ബേസിലാണ് വീട്ടില്‍ കയറി അല്‍ക്കയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ പരിചയക്കാരായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ ഉണ്ടായ അകല്‍ച്ചയാണ് ആക്രമണത്തിലേക്ക് നയിച്ചത്.

Post a Comment

أحدث أقدم