താനൂർ കസ്റ്റഡി കൊലപാതകം; സിബിഐ അന്വേഷണം തുടങ്ങി, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ അഭിഭാഷകൻ പിൻവലിച്ചു 2023

(www.kl14onlinenews.com)
(20-Sep-2023)

താനൂർ കസ്റ്റഡി കൊലപാതകം; സിബിഐ അന്വേഷണം തുടങ്ങി, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ അഭിഭാഷകൻ പിൻവലിച്ചു

മലപ്പുറം: താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹർജി പ്രതികളുടെ അഭിഭാഷകൻ പിൻവലിച്ചു. ഇതോടെ മഞ്ചേരി സെഷൻസ് കോടതിയിലെ നടപടി ക്രമങ്ങൾ അവസാനിപ്പിച്ചു. സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി എറണാകുളം പ്രത്യേക സിബിഐ കോടതിയേയോ ഹൈക്കോടതിയെയോ ആണ് സമീപിക്കേണ്ടത്. അത് കൊണ്ടാണ് ഹർജി പിൻവലിക്കുന്നത്. കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത പുതിയ എഫ്ഐ ആർ കോടതിയിൽ പ്രതിഭാഗം ഹാജരാക്കി.

താനൂർ കസ്റ്റഡി കൊലപാതക കേസിൽ സിബിഐ അന്വേഷണം ഇന്നാണ് ആരംഭിക്കുന്നത്. അന്വേഷണ സംഘം താനൂരിലെത്തി. സംഘം കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയുടെ മൊഴി എടുക്കും.

ഓഗസ്റ്റ് ഒന്നിന് പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ കൊലപാതക കേസ്, കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് സിബിഐ അന്വേഷിക്കുന്നത്. പൊലീസ് തിരക്കഥകൾ പൊളിച്ചു കൊണ്ട് റിപ്പോർട്ട്‌ പുറത്തുകൊണ്ടുവന്ന തെളിവുകൾ കേസിൽ നിർണായകമായി. കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടത്തിയ ഇടപടലുകളും അട്ടിമറി ശ്രങ്ങളും വാർത്തകളിലൂടെ പുറംലോകമറിഞ്ഞു. ഒടുവിൽ സിബിഐ സംഘം എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് താമിർ ജിഫ്രിയുടെ കുടുംബം.

സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘം താനൂർ ക്യാമ്പ് ചെയ്തു കൊണ്ടായിരിക്കും അന്വേഷണം നടത്തുക. ഇന്ന് മലപ്പുറത്ത് എത്തുന്ന സംഘം നേരത്തെ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കേസിൽ കൊലപാതക കുറ്റം ചുമത്തി നാല് പൊലീസ് ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് സംഘം പ്രതി ചേർത്തിരുന്നു. വൈകാതെ ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ കടക്കുമെന്നാണ് സൂചന. പ്രതികളിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നുവെന്ന് താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post